ര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളിലൊന്നായ മോട്ടോര്‍വാഹന നികുതിയിലും പിഴവരുമാനത്തിലും വന്‍ ഇടിവ്. ഏപ്രിലില്‍ ഇതുവരെ 150 വാഹനങ്ങളാണ് രജിസ്റ്റര്‍ചെയ്തത്. റോഡ് നികുതിയും ഫീസും അടക്കം 3.46 കോടി രൂപ മാത്രമാണ് ലഭിച്ചത്. അടച്ചിടലിനുമുമ്പുള്ള മാസങ്ങളിലെ ശരാശരി വരുമാനം കണക്കിലെടുത്താല്‍ 260 കോടി രൂപയെങ്കിലും കിട്ടേണ്ടിയിരുന്നിടത്താണിത്.

സ്വകാര്യബസുകളുടെയും കോണ്‍ട്രാക്ട് കാരേജ് വാഹനങ്ങളുടെയും ത്രൈമാസനികുതികൂടി കണക്കിലെടുക്കുമ്പോള്‍ നികുതിനഷ്ടം വീണ്ടും ഉയരും. ഏപ്രിലിലാണ് ഇത് ലഭിക്കേണ്ടത്. മോട്ടോര്‍വാഹനവകുപ്പില്‍നിന്ന് ജനുവരിയില്‍ 296 കോടി രൂപയും ഫെബ്രുവരിയില്‍ 214 കോടി രൂപയും സര്‍ക്കാരിന് ലഭിച്ചിരുന്നു.

സ്വകാര്യവാഹനങ്ങള്‍ക്ക് ഒറ്റത്തവണയായി 15 വര്‍ഷത്തേക്കുള്ള നികുതിയാണ് ഈടാക്കുന്നത്. ശരാശരി 70,000 വാഹനങ്ങളാണ് മാസം നിരത്തില്‍ ഇറങ്ങിയിരുന്നത്. 2019 അവസാനമാസങ്ങളില്‍ ഇത് ഒരുലക്ഷംവരെ ആയി. ഇതില്‍ 80 ശതമാനവും സ്വകാര്യവാഹനങ്ങളാണ്.

എന്നാല്‍, 2020ല്‍ പുതിയവാഹനങ്ങളുടെ വില്‍പ്പന ഇടിഞ്ഞു. ഈ വര്‍ഷം 725.77 കോടി രൂപയാണ് മോട്ടോര്‍വാഹനവകുപ്പില്‍നിന്നുള്ള വരുമാനം. 2019ല്‍ ഏപ്രില്‍വരെ 1196.38 കോടി രൂപ കിട്ടിയിരുന്നു. 2018ലെ വാര്‍ഷികവരുമാനം 3,227.65 കോടി രൂപയും 2017ലേത് 3,392.11 കോടി രൂപയുമാണ്.

ചെറുതും വലുതുമായ 500ഓളം വാഹനവില്‍പ്പനകേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഭാരത് സ്റ്റേജ് ആറ് വാഹനങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കിലും പരിശോധന നടത്താന്‍കഴിയാത്തതിനാല്‍ രജിസ്‌ട്രേഷന്‍ വൈകുന്നു. ലോക്ഡൗണില്‍ വാഹനപരിശോധന നിലച്ചതോടെ പിഴവഴി കിട്ടേണ്ട 10 കോടി രൂപയും നഷ്ടമായി. പിഴയിനത്തില്‍ ദിവസം 27 മുതല്‍ 29 ലക്ഷം രൂപവരെ ഖജനാവിലെത്തിയിരുന്നു.

Content Highlights: Vehicle Tax Revenue Is Fall From 260 Crore To 3.46 Crore Rupees; 150 Vehicle Registered In April