കുടിശിക വന്ന വാഹനങ്ങളുടെ നികുതി ഒറ്റത്തവണ കൊണ്ട് തീര്‍പ്പാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയ സൗകര്യം മാര്‍ച്ച് 31 വരെ നീട്ടി. 2016 മാര്‍ച്ച് 31 വരെയോ അതിന് മുമ്പുള്ള കാലയളവിലേക്കോ മാത്രം നികുതി അടച്ചവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. 2020 മാര്‍ച്ച് 31 വരെ കുറഞ്ഞത് നാല് വര്‍ഷം വരെയെങ്കിലും നികുതി കുടിശിക ഉള്ളവര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, 2016 മാര്‍ച്ച് 31-ന് ശേഷം റവന്യു റിക്കവറി വഴി മാത്രം നികുതി അടച്ചവര്‍ക്കും, 31-3-2016-ന് ശേഷം നികുതിയൊടുക്കാതെ ജി-ഫോം വഴി നികുതി ഇളവ് നേടിയിട്ടുള്ളവര്‍ക്കും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്.
നാല് വര്‍ഷമോ അതിന് മുകളില്‍ എത്ര വര്‍ഷത്തെയോ കുടിശികയുണ്ടെങ്കിലും അവസാനത്തെ നാല് വര്‍ഷത്തെ മാത്രം നികുതി കുടിശികയുടെ നിശ്ചിത ശതമാനം അടച്ച് നടപടി ഒഴിവാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് കുടിശികയുടെ 30 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ മോട്ടോര്‍ സൈക്കിള്‍ എന്നിവയ്ക്ക് കുടിശികയുടെ 40 ശതമാനവും അടച്ചാണ് തീര്‍പ്പാക്കേണ്ടത്.
വാഹനം നശിച്ച് പോകുകയോ അല്ലെങ്കില്‍ വില്‍പ്പനയ്ക്ക് ശേഷം ഉടമസ്ഥാവകാശം മാറാതെ നിങ്ങളുടെ പേരില്‍ കിടക്കുകയും എന്നാല്‍, ഇതിനെ കുറിച്ച് വിവരം ലഭ്യമാകാതെയും ഉള്ളവര്‍ക്കും ഈ പദ്ധതിയുടെ ഭാഗമായി നടപടി ഒഴിവാക്കാം. വാഹനം മോഷണം പോയവര്‍ക്കും ഇതുവരെയുള്ള കുടിശിക കുറഞ്ഞ നിരക്കില്‍ അടച്ച് ഭാവിയിലെ നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കും.
മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിച്ച് നിങ്ങളുടെ പഴയ വാഹനം ഇപ്പോഴും നിങ്ങളുടെ ഉടമസ്ഥതയില്‍ ആണെന്ന് കണ്ടെത്തുകയും നാല് വര്‍ഷത്തിലധികം നികുതി കുടിശിക ഉണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ വാഹനത്തിന്റെ രേഖകള്‍ കൈവശമില്ലെങ്കിലും വെള്ളപേപ്പറില്‍ സമര്‍പ്പിക്കുന്ന അപേക്ഷയിലൂടെ നികുതി കുടിശിക തീര്‍പ്പാക്കാന്‍ സാധിക്കും.
നികുതി കുടിശിക അടച്ച് ഭാവിയിലെ നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാകാനാണ് ഈ പദ്ധതി. എന്നാല്‍, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇതുവഴി ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കില്ല. വാഹനങ്ങളുടെ ഫൈനാന്‍സ്, ചെക്ക് റിപ്പോര്‍ട്ട് സംബന്ധിച്ച ബാധ്യത എന്നിവയില്‍ നിന്ന് ഈ പദ്ധതിയിലൂടെ ഒഴിവാകാന്‍ സാധിക്കില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
Content Highlights: Vehicle Tax On Time Settlement By Motor Vehicle Department