വാഹനങ്ങളിലെ വേഗമാനകങ്ങളെ (സ്പീഡ് ഗവേണര്‍) വാഹന വിവരങ്ങളുടെ ദേശീയ രജിസ്റ്ററായ 'വാഹനു' മായി സംയോജിപ്പിക്കല്‍ രണ്ടു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ ഉറപ്പ് രേഖപ്പെടുത്തിയ ഹൈക്കോടതി ഇതു സംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കി. 

ബസുകള്‍, വലിയ ചരക്കുവാഹനങ്ങള്‍ എന്നിവയിലാണ് വേഗമാനകം നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അവയെ വാഹനുമായി സംയോജിപ്പിക്കാനുള്ള നടപടിയെടുത്തുവരികയാണ്. 2020 അവസാനമായപ്പോഴേക്ക് 90 ശതമാനം വാഹന വിവരങ്ങളും 'വാഹന്‍' സോഫ്റ്റ്വേറിലേക്ക് മാറ്റിക്കഴിഞ്ഞെന്നും ബോധിപ്പിച്ചു. 

സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന മുച്ചക്ര വാഹനമൊഴികെയുള്ള വാഹനങ്ങളിലും വേഗമാനകം വെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയില്‍ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പ്രത്യാശ പ്രകടിപ്പിച്ചത്.

വേഗമാനകത്തിലെ കൃത്രിമം തടയണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലയിലെ വെങ്ങോലയിലുള്ള എം. ജാഫര്‍ ഖാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. വേഗമാനകം വിടര്‍ത്തിയിടുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്നത് വ്യാപകമാണെന്നാണ് ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചത്.

Content Highlights: Vehicle Speed Governor To Be Linked With Vahan Software