ഴയ വാഹനങ്ങളുടെ പൊളിക്കല്‍നയത്തില്‍ ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാര്‍. വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധനസംവിധാനവും പൊളിക്കല്‍ കേന്ദ്രങ്ങളും സജ്ജീകരിച്ചാല്‍മാത്രമേ കേന്ദ്രം നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പൊളിക്കല്‍നയം നടപ്പാകുകയുള്ളൂ. പൊളിക്കല്‍കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമത പരിശോധന കേന്ദ്രങ്ങള്‍ക്കുംവേണ്ട മാനദണ്ഡങ്ങള്‍ കേന്ദ്ര ഉപരിതലമന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കണം. 

സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ ഇവ തുടങ്ങാം. 2024 ജൂണ്‍വരെയാണ് അനുവദിച്ച സമയം. കേന്ദ്രതീരുമാനപ്രകാരം ആദ്യം പിന്‍വലിക്കേണ്ടിവരുക സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളാണ്. ഇതുപ്രകാരം ഏകദേശം അഞ്ഞൂറോളം വാഹനങ്ങള്‍ പിന്‍വലിക്കേണ്ടിവരും. സംസ്ഥാനത്തെ 1.4 കോടി വാഹനങ്ങളില്‍ ഏകദേശം 22.1 ലക്ഷം വാഹനങ്ങള്‍ പൊളിക്കാനായവയാണ്. കംപ്യൂട്ടര്‍വത്കൃത പരിശോധന കേന്ദ്രങ്ങളിലെ പരിശോധനയില്‍ വിജയിച്ചാല്‍ ഇവ തുടര്‍ന്നും ഉപയോഗിക്കാം. 

വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിനും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷത്തിനും ശേഷം കംപ്യൂട്ടര്‍വത്കൃത പ്രവര്‍ത്തനക്ഷമത പരിശോധന നിര്‍ബന്ധമാണ്. രണ്ടുതവണ പരിശോധനയില്‍ പരാജയപ്പെടുന്നവ നിര്‍ബന്ധമായും പൊളിക്കണം. വാണിജ്യവാഹനങ്ങള്‍ 2023 മുതലും സ്വകാര്യവാഹനങ്ങള്‍ 2024 ജൂണ്‍ മുതലും പൊളിക്കാനാണ് കേന്ദ്രനിര്‍ദേശം. ഉടമയ്ക്ക് വേണമെങ്കില്‍ വാഹനം നേരിട്ട് പൊളിക്കല്‍കേന്ദ്രങ്ങള്‍ക്ക് കൈമാറാം. പ്രവര്‍ത്തനക്ഷമത പരിശോധന നടത്തേണ്ടതില്ല.

പൊളിക്കല്‍നയത്തിനുമുമ്പേ പഴയ വാഹനങ്ങള്‍ നിരോധിച്ച ചരിത്രമാണ് സംസ്ഥാനത്തിന്റേത്. സ്വകാര്യബസുകളുടെ ആയുസ്സ് 15 വര്‍ഷമായി നിശ്ചയിച്ച് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. പിന്നീട് ഇളവുനല്‍കി 20 വര്‍ഷമാക്കി. കേന്ദ്രനയം നടപ്പാക്കുന്നതോടെ ഈ തീരുമാനം അപ്രസക്തമാകും.

അപ്രായോഗികമെന്ന് മന്ത്രി

വാഹനം പൊളിക്കല്‍നയം അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിലധികം ഉപയോഗിക്കാന്‍ പാടില്ലെന്ന തീരുമാനം സംസ്ഥാനത്തിന് യോജ്യമല്ല. മലിനീകരണമാണ് പ്രശ്‌നമെങ്കില്‍ അത് കുറവുള്ള ഹരിത ഇന്ധനങ്ങളിലേക്ക് മാറ്റണം. വന്‍കിട വാഹന നിര്‍മാതാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് പുതിയ കേന്ദ്രനയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും പരിഗണിച്ചാവണം വാഹനങ്ങളുടെ പഴക്കം നിര്‍ണയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Vehicle Scrappage Policy; State Governments To Implement Facilities