15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കണമെങ്കില്‍ കടമ്പകളേറെ. ലൈറ്റുകള്‍, വൈപ്പര്‍, തുടങ്ങി 43 ഘടകങ്ങളുടെ നേരിട്ടുള്ള പരിശോധനയ്ക്ക് പുറമേ എന്‍ജിന്‍, സസ്‌പെന്‍ഷന്‍, ബ്രേക്ക് എന്നിവയുടെ ക്ഷമത ഉറപ്പിക്കുന്ന 11 പരിശോധനകളും വിജയിച്ചാല്‍ മാത്രമേ അഞ്ചുവര്‍ഷത്തേക്ക് രജിസ്ട്രേഷന്‍ പുതുക്കൂ. ഇതിനുള്ള ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളുടെ കരട് രൂപരേഖ കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ മുതല്‍ നടപ്പാക്കാനാണ് തീരുമാനം.

പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനായുള്ള വാഹനം പൊളിക്കല്‍ നയത്തിന്റെ ഭാഗമായാണിത്. എന്‍ജിനും സസ്‌പെന്‍ഷനും മറ്റുഭാഗങ്ങളും പുത്തന്‍ വാഹനത്തിന്റേതുപോലെ പരിപാലിച്ചെങ്കില്‍ മാത്രമേ ടെസ്റ്റ് പാസാകുകയുള്ളൂ. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരിട്ടോ സ്വകാര്യപങ്കാളിത്തത്തോടെയോ പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കാം. നിലവില്‍ പരിമിതമായ സൗകര്യങ്ങളോടെ മോട്ടോര്‍വാഹനവകുപ്പിന് എട്ട് സെന്റുകളുണ്ട്.

ടു വീലര്‍, ത്രീവീലര്‍, ലൈറ്റ് മോട്ടോര്‍, ഹെവി എന്നിങ്ങനെ തിരിച്ചാണ് പരിശോധന. ഇവയ്ക്കായി പ്രത്യേക ട്രാക്കുകള്‍ വേണം. പരിശോധനാഫലം 'വാഹന്‍' വെബ്സൈറ്റിലേക്ക് പോകും. വെബ്‌സൈറ്റിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിക്കണം. ഫലത്തിനെതിരേ രണ്ടു ദിവസത്തിനുള്ളില്‍ ഓണ്‍ലൈനില്‍ അപ്പീല്‍ നല്‍കാം. അഞ്ചുദിവസത്തിനുള്ളില്‍ വാഹനം വീണ്ടും പരിശോധിക്കും. 

വാഹന്‍ പോര്‍ട്ടലില്‍നിന്ന് നിര്‍ദേശിക്കുന്ന മറ്റൊരു കേന്ദ്രത്തിലായിരിക്കും അത്. ടെസ്റ്റിങ് സെന്ററിലെ യന്ത്രങ്ങള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബറേഷന്‍ ലബോറട്ടറീസ് (എന്‍.എ.ബി.എല്‍.) അംഗീകാരം നിര്‍ബന്ധമാണ്. ഓട്ടോമൊബൈല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് ടെസ്റ്റിങ് സെന്റര്‍ മേല്‍നോട്ടക്കാരന്റെ യോഗ്യത. ടെസ്റ്റിങ് സെന്ററുകള്‍ക്ക് അനുമതിക്കായി അരലക്ഷം രൂപ ഫീസും അഞ്ചുലക്ഷം സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം.

Content Highlights: Vehicle Scrappage Policy; Old Vehicle Should Pass 11 Tests To Get Renewal