പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
നിങ്ങളുടെ പഴയ വാഹനം ആരോഗ്യശ്രീമാനാണോ? എങ്കില്‍ നിരത്തിലിറക്കാം. ഇല്ലെങ്കില്‍ പൊളിച്ച് പാട്ടവിലയ്ക്ക് കൊടുക്കണം... വാഹനങ്ങളുടെ ഈ 'ആരോഗ്യം' ഉറപ്പിക്കുന്ന കേരളത്തിലെ ആദ്യ കേന്ദ്രം കൊച്ചിയില്‍ വരും. ഒപ്പം 'ഫിറ്റല്ലെങ്കില്‍' പൊളിക്കാനുള്ള കേന്ദ്രവും. കേന്ദ്ര വാഹന പൊളിനയത്തില്‍ പ്രഖ്യാപിച്ച 'ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്റര്‍ ആന്‍ഡ് സ്‌ക്രാപ്പിങ് സെന്റര്‍' ആണ് കൊച്ചിയില്‍ സ്ഥാപിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
രാജ്യത്താകെ 26 കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. ഇതില്‍ കേരളത്തിനുള്ളത് കൊച്ചിയിലായിരിക്കും സ്ഥാപിക്കുക. സ്ഥലപരിമിതി പ്രശ്‌നമാകുമെന്നതിനാല്‍ കൊച്ചി നഗരത്തിനു പുറത്തായിരിക്കും ഓട്ടോമേറ്റഡ് ഫിറ്റ്നസ് കേന്ദ്രവും പൊളികേന്ദ്രവുമെന്നാണ് സൂചന. വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് 'ഫിറ്റ്നസ്' കാലാവധി നിശ്ചയിച്ചിരിക്കുന്നത്. കാലാവധി കഴിയുന്ന വാഹനങ്ങള്‍ ഓട്ടോമേറ്റഡ് ഫിറ്റ്നസ് കേന്ദ്രത്തിലെത്തി പരിശോധിക്കണം.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ മാത്രം നിരത്തിലിറക്കാം. ഇല്ലെങ്കില്‍ പൊളിക്കണം. ഇത്തരത്തില്‍ ഫിറ്റ്നസ് പരിശോധിക്കേണ്ട 21 ലക്ഷത്തോളം വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. കംപ്യൂട്ടറൈസ്ഡ് ഓട്ടോമേറ്റഡ് കേന്ദ്രത്തില്‍ വാഹനത്തിന്റെ എന്‍ജിന്‍ക്ഷമതയാണ് പ്രധാനമായി പരിശോധിക്കുക. വലിയ തോതില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന തരത്തിലാണ് വാഹനം പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഒരു കാരണവശാലും ഫിറ്റ്നസ് ടെസ്റ്റ് കടക്കില്ല. വാഹനത്തിന്റെ ഓരോ ഭാഗവും കൃത്യമായി പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പുവരുത്തും.
പരീക്ഷ പരാജയപ്പെട്ടാല്‍ അപ്പീലിലൂടെ ഒരിക്കല്‍ കൂടി അവസരം ലഭിക്കും. പിന്നീട് നടക്കുന്ന ടെസ്റ്റിലും പരാജയമായാല്‍ പൊളികേന്ദ്രത്തിലേക്ക് മാറ്റേണ്ടി വരും. ഇത്തരം വാഹനങ്ങള്‍ക്ക് എന്‍ഡ് ഓഫ് ലൈഫ് വെഹിക്കിള്‍ (ഇ.എല്‍.വി.) മുദ്ര പതിക്കും. പിന്നീടിവ നിരത്തിലിറക്കാനാവില്ല. വാഹനം പൊളിക്കുന്നതും പൂര്‍ണമായ ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയായിരിക്കും. പൊളിക്കുന്നതിനായി പ്രത്യേക ഫോം വാഹന ഉടമ പൂരിപ്പിച്ച് നല്‍കണം.
കൊച്ചിയിലെ പരീക്ഷണത്തിനു ശേഷം ഇത്തരം അംഗീകൃത ഫിറ്റ്നസ്-പൊളി കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഇതിലൂടെ ധാരാളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഇരുമ്പ് ആക്രിക്കച്ചവടത്തിലും പുനരുപയോഗത്തിലുമായി കൂടുതല്‍ സംരംഭകര്‍ എത്തിയേക്കും. ഇതിനു പുറമേ പുതിയ വാഹനങ്ങളുടെ വില്പനയിലും വന്‍ കുതിപ്പ് പ്രതീക്ഷിക്കാം.
Content Highlights: Vehicle Scrappage Policy; Kerala First Fitness Testing Centre To Starts In Kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..