കാലാവധി അവസാനിച്ച വാഹനങ്ങള്‍ പൊളിച്ച് പുനരുപയോഗത്തിനായി കൈമാറാനുള്ള രാജ്യത്തെ ആദ്യ സര്‍ക്കാര്‍ അംഗീകൃതകേന്ദ്രം ഡല്‍ഹിക്കടുത്ത് നോയിഡയില്‍ തുടങ്ങി. മാരുതിയും ടൊയോട്ടയും ചേര്‍ന്നുള്ള സംയുക്തസംരംഭം കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനംചെയ്തു. ആവശ്യമനുസരിച്ച് മറ്റുസംസ്ഥാനങ്ങളിലും പൊളിക്കല്‍ യൂണിറ്റുകള്‍ തുടങ്ങും.

മാരുതി സുസൂക്കി ടൊയോസു ഇന്ത്യ (എം.എസ്.ടി.ഐ.) എന്ന കമ്പനിയാണ് 44 കോടി രൂപ ചെലവില്‍ 11,000 ചതുരശ്ര മീറ്ററിലായി യൂണിറ്റ് സ്ഥാപിച്ചത്. ഇവിടെ പ്രതിമാസം രണ്ടായിരം വാഹനങ്ങള്‍ പൊളിക്കാനാകും. ഒരു കാര്‍ പൊളിച്ചടുക്കാന്‍ 200 മിനിറ്റ് മതി. പൊളിച്ച വാഹനത്തിന്റെ 95 ശതമാനവും പുനരുപയോഗത്തിനായി അംഗീകൃത സ്ഥാപനങ്ങള്‍ക്ക് കൈമാറും. വാഹനത്തിലെ ഓയില്‍പോലും പാഴാക്കാതെ വീണ്ടും പ്രയോജനപ്പെടുത്താം.

അന്താരാഷ്ട്രനിലവാരത്തില്‍ ജപ്പാന്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെങ്കിലും ഉപകരണങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണ്. തീര്‍ത്തും പരിസ്ഥിതിസൗഹാര്‍ദപരമായാണ് വാഹനം പൊളിക്കല്‍. വണ്ടിയിലെ ഓയില്‍, എയര്‍ബാഗ്, ബാറ്ററി, എ.സി.യിലെ ഗ്യാസ് എന്നിവ പുറന്തള്ളില്ല. പൊളിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ അംഗീകൃതസ്ഥാപനങ്ങള്‍ക്കുമാത്രമേ റീസൈക്കിള്‍ ചെയ്യാന്‍ കൈമാറൂ.

വ്യക്തികളില്‍നിന്നും ഡീലര്‍ഷിപ്പുകളില്‍നിന്നും പഴയവാഹനങ്ങള്‍ ശേഖരിക്കും. വാഹന ഉടമയ്ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറും. വാഹനം പൊളിച്ചതിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും. കമ്പനി ഇതിനായി msti.co.in എന്ന വെബ്സൈറ്റും 18004193530 എന്ന കോള്‍ സെന്റര്‍ നമ്പറും ആരംഭിച്ചു. ഓരോ ജില്ലയിലും മൂന്നോ നാലോ പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആവശ്യമാണെന്ന് മന്ത്രി ഗഡ്കരി പറഞ്ഞു. 

15 വര്‍ഷം പഴകിയ വാഹനം പുതിയ 15 വാഹനത്തിന് സമാനമായ പുക പുറന്തള്ളും. സര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയം വഴി വാഹനവില്‍പ്പനയില്‍ 12 ശതമാനം വളര്‍ച്ചയുണ്ടാകും. രണ്ടുലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. സര്‍ക്കാരിന്റെ ഈമേഖലയില്‍നിന്നുള്ള ജി.എസ്.ടി. വരുമാനം 30,000 കോടിയില്‍നിന്ന് 40,000 കോടി രൂപയാകും. സര്‍ക്കാരിന്റെ വാഹനം പൊളിക്കല്‍ നയം മൂന്നുമാസംമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 

വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് കാലാവധി കണക്കാക്കുന്നത്. തുടര്‍ന്ന്, ഫിറ്റ്നസ് പരിശോധനയിലും പരാജയപ്പെടുന്നവയാണ് പൊളിക്കേണ്ടത്. പഴയവാഹനം പൊളിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പുതിയത് വാങ്ങുമ്പോള്‍ രജിസ്ട്രേഷന്‍ ഫീസ് വേണ്ടാ. റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവുലഭിക്കും. വാഹനനിര്‍മാതാക്കള്‍ വിലയില്‍ അഞ്ചുശതമാനം ഇളവും നല്‍കും. ജി.എസ്.ടി.യിലും ഇളവുണ്ടാകും.

Content Highlights: Vehicle Scrappage Policy, India's first scraping centre opens in Noida, Vehicle Scrapping