പ്രതീകാത്മത ചിത്രം | രേഖാചിത്രം: മാതൃഭൂമി
പഴയവാഹനങ്ങള്ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പൊളിക്കല്‍ നയം പ്രാവര്‍ത്തികമാകാന്‍ കടമ്പകളേറെ. വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്റര്‍, ടെസ്റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിക്കാനുള്ള സ്ക്രാപ്പിങ് യാര്‍ഡുകള്‍ എന്നിവ സജ്ജമാക്കിയാലേ പൊളിക്കല്‍ തുടങ്ങാനാകൂ. പ്രഥമപരിഗണന നല്‍കേണ്ട ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഒമ്പതെണ്ണമാണുള്ളത്.
ശേഷിക്കുന്ന 77 ഓഫീസുകളും റവന്യൂ പുറമ്പോക്കിലും റോഡ് വക്കിലുമാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. കേന്ദ്രീകൃത സംവിധാനത്തില്‍ ഡ്രൈവിങ് ലൈസന്‍സും രജിസ്ട്രേഷന് രേഖകളും അച്ചടിച്ച് വിതരണം ചെയ്യാന്‍ പത്തുവര്‍ഷമായി മോട്ടോര്‍വാഹനവകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും ഇനിയും നടപ്പായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇരുചക്രവാഹനങ്ങള്മുതല് ട്രെയിലറുകള്വരെ പരിശോധിക്കാന്‍ കഴിയുന്ന വെഹിക്കിള്‍ ടെസ്റ്റിങ് സെന്ററുകള്‍ എല്ലാ ജില്ലകളിലും സജ്ജമാക്കേണ്ടിവരുന്നത്.
കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം പുറത്തുവിട്ട വിവരപ്രകാരം യന്ത്രവത്കൃത സംവിധാനത്തിലാണ് വാഹനങ്ങള്‍ പരിശോധിക്കേണ്ടത്. എന്ജിന്, ബ്രേക്ക്, സസ്പെന്ഷന് തുടങ്ങി എല്ലാ ഘടകങ്ങളും പരിശോധിക്കണം. സ്വകാര്യ പങ്കാളിത്തത്തോടെയോ നേരിട്ടോ സംസ്ഥാന സര്‍ക്കാര്‍ ഇവ ഒരുക്കേണ്ടിവരും. കേന്ദ്രം സഹായം പ്രഖ്യാപിച്ചിട്ടില്ല. സ്വകാര്യവാഹനങ്ങള്‍ 20 വര്‍ഷവും പൊതുവാഹനങ്ങള്‍ 15 വര്‍ഷവും കഴിയുമ്പോള്‍ പരിശോധനയ്ക്ക് ഹാജരാക്കണം.
വാഹനത്തിന് വില്‍പ്പനാനുമതി നല്കിയ സമയത്തെ സുരക്ഷാ ക്രമീകരണങ്ങളല്ലാതെ പുതിയവ കൂട്ടിച്ചേര്‍ക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധിക്കാനാകില്ല. ഉപയോഗശൂന്യമായ വാഹനങ്ങള്‍ പൊളിക്കേണ്ട സ്ക്രാപ്പിങ് യാര്‍ഡുകളുടെ സൗകര്യങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഉപരിതലമന്ത്രാലയം കരട് രേഖ പ്രസിദ്ധീകരിച്ചിരുന്നു.
പരിസ്ഥിതി മലിനീകരണം ഉണ്ടാകാത്തവിധം വാഹനങ്ങള്‍ പൊളിച്ച് ലോഹഭാഗങ്ങളും റബ്ബറും പ്ലാസ്റ്റിക്കും ഗ്ലാസും വേര്‍തിരിച്ച് പുനഃചക്രമണം ചെയ്യുന്ന യൂണിറ്റുകള്‍ക്ക് കൈമാറാനുള്ള സംവിധാനം യാര്‍ഡുകളില്‍ വേണം. കുറഞ്ഞത് രണ്ടേക്കര്‍ സ്ഥലമെങ്കിലും ഒരു യാര്‍ഡിന് വേണ്ടിവരും. പരിസ്ഥിതി, മലിനീകരണ ബോര്‍ഡ്, വ്യവസായ വകുപ്പ്, മോട്ടോര്‍ വാഹനവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ അനുമതിയോടെയേ യാര്‍ഡുകള്‍ തുടങ്ങാവൂ.
Content Highlights; Vehicle Scrappage Policy; Government Wants To Implement Automated Testing Centre And Scrap Yard
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..