പുതിയ വാഹനങ്ങളുടെ വില്‍പ്പനയിലെ ക്രമക്കേട് തടയാന്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പുതിയ ഫീസ് ഈടാക്കുന്നതായി പരാതി. ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഡിജിറ്റൈസേഷന്‍ ചാര്‍ജെന്നപേരില്‍ ചില വില്‍പ്പനക്കാര്‍ പ്രത്യേക ഫീസ് വാങ്ങുന്നതായാണ് പരാതി. മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം തുടങ്ങി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള ഫീസെന്നപേരിലാണ് അധികതുക വാങ്ങുന്നത്. 

ഇരുചക്രവാഹനങ്ങള്‍ക്ക് 1500 രൂപയും കാറുകള്‍ക്ക് 4000 രൂപയുംവരെ വാങ്ങുന്നതായാണ് പരാതി. ഇത്തരമൊരു ഫീസ് നിലവിലില്ലെന്നും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച്, റോഡ് നികുതി അടയ്‌ക്കേണ്ടത് വില്‍പ്പനക്കാരുടെ ചുമതലയാണെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

വാഹനത്തിന്റെ എന്‍ജിന്‍, ചേസിസ് വിവരങ്ങള്‍ വാഹനനിര്‍മാതാവ് കേന്ദ്രീകൃത സോഫ്റ്റ്വേറായ 'വാഹനി'ല്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഉടമയുടെ വിവരങ്ങള്‍ മാത്രമാണ് ഷോറൂമുകളില്‍നിന്നും നല്‍കേണ്ടത്. റോഡ് നികുതിയും ഓണ്‍ലൈനില്‍ അടയ്ക്കാം. രജിസ്ട്രേഷന്‍ അപേക്ഷ അംഗീകരിച്ചാല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ച് വാഹനം നിരത്തിലിറക്കാം. 

രജിസ്ട്രേഷന്‍ ഫീസ്, റോഡ് നികുതി, എന്നിവയ്ക്ക് പുറമെ ഫാസ്ടാഗിന്റെ വിലമാത്രമാണ് ഈടാക്കാന്‍ അനുമതിയുള്ളത്. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വാഹനത്തിന്റെ ഭാഗമാണ്. പ്രത്യേകം വില ഈടാക്കാന്‍ പാടില്ല. ഇന്‍ഷുറന്‍സ് ഉടമയ്ക്ക് നേരിട്ടോ അല്ലെങ്കില്‍ ഷോറൂമില്‍നിന്നോ എടുക്കാം. നികുതികള്‍ക്ക് പുറമെയുള്ളവില, രജിസ്ട്രേഷന്‍ ഫീസ്, എന്നിവ ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കണം.

വാഹനം രജിസ്ട്രേഷന്‍ പരിശോധനയ്ക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനുമുമ്പ് ഹാന്‍ഡ്ലിങ് ചാര്‍ജെന്ന പേരില്‍ പണം ഈടാക്കിയിരുന്നു. ടോമിന്‍ തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്നപ്പോള്‍ ഇത് അവസാനിപ്പിച്ച് ഉത്തരവിറക്കിയിരുന്നു.

Content Highlights: Vehicle Sales, Digitalisation Fees, MVD Kerala Probe, Vehicle Dealership