ടവേളയ്ക്കുശേഷം വാണിജ്യ- സ്വകാര്യ യാത്രാ വാഹനങ്ങളുടെ വിപണിയില്‍ വീണ്ടും ഇടിവ്. ഈ വര്‍ഷം ജനുവരിയില്‍ 20,19,253 വാഹനങ്ങളാണ് രാജ്യത്ത് മൊത്തം വിറ്റതെന്നും കഴിഞ്ഞ വര്‍ഷം ജനുവരിയെക്കാള്‍ 2.79 ലക്ഷം കുറവാണിതെന്നും ഘനവ്യവസായ മന്ത്രി പ്രകാശ് ജാവഡേക്കര്‍ രാജ്യസഭാംഗം ആര്‍. വൈദ്യലിംഗത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ജനുവരിയില്‍ 20.24 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായത്. വാണിജ്യവാഹനങ്ങളില്‍ 14.04 ശതമാനവും യാത്രാവാഹനങ്ങളില്‍ 6.20 ശതമാനവും. മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തുടങ്ങിയ വാഹനവിപണിയിലെ ഇടിവ് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്റെ തുടക്കമാസം 23.1 ശതമാനമായിരുന്നു. ഓഗസ്റ്റില്‍ ഇത് 70.3 ശതമാനമായി ഉയര്‍ന്നു.

ഡിസംബറില്‍ ഈ തകര്‍ച്ച 13.54 ശതമാനമായതോടെ വാഹനവിപണിയില്‍ അല്പം ഉണര്‍വുണ്ടായിരുന്നു. പുതുവര്‍ഷത്തുടക്കത്തോടെ ഇതിലാണ് വീണ്ടും മാറ്റമുണ്ടായിരിക്കുന്നത്. സെപ്റ്റംബറിനുശേഷമുള്ള (62.8 ശതമാനം) ഏറ്റവും വലിയ ഇടിവാണ് ജനുവരിയില്‍ രേഖപ്പെടുത്തിയത്.

വാഹനവിപണിയില്‍ വായ്പാ ലഭ്യത കുറഞ്ഞതും സുപ്രീംകോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ ദീര്‍ഘകാല തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കേണ്ടിവരുന്നതും വില്‍പ്പനയെ ബാധിച്ചതായി മന്ത്രി മറുപടിയില്‍ പറഞ്ഞു. വ്യാപാരികളുടെ വായ്പാ ഈട് 25 ശതമാനത്തില്‍നിന്ന് 60 ശതമാനമായി ഉയര്‍ത്തിയതും വാഹനവിപണിയെ പ്രതികൂലമായി ബാധിച്ചതായി മന്ത്രി വ്യക്തമാക്കി.

Content Highlights: Vehicle Sales Decreased In India