പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ ആര്‍.ടി. ഓഫീസില്‍ കൊണ്ടുപോവേണ്ട എന്ന കേന്ദ്ര ഉത്തരവ് നിലവില്‍വന്നിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും സംസ്ഥാനത്ത് നടപ്പായില്ല. മാര്‍ച്ച് മൂന്നു മുതല്‍ ഉത്തരവ് രാജ്യമെങ്ങും നടപ്പാക്കണമെന്നതാണ് കേന്ദ്ര ഗസറ്റില്‍ നിര്‍ദേശം. എന്നാല്‍, ഇതുസംബന്ധിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് ആര്‍.ടി. ഓഫീസുകള്‍ക്ക് നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല.

ബോഡി നിര്‍മിച്ച് പുറത്തിറക്കുന്ന വാഹനങ്ങളുടെ കാര്യത്തിലാണ് രജിസ്ട്രേഷന് പുതിയ രീതി വരുന്നത്. ആധാര്‍ അധിഷ്ഠിതസേവനങ്ങള്‍ വ്യാപകമാക്കണമെന്ന കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരമാണ് ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനമെടുത്തത്. 

ഇതിന്റെ കരട് ഫെബ്രുവരി ആദ്യയാഴ്ച പുറപ്പെടുവിച്ചിരുന്നു. ആക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ മൂന്നാഴ്ച സമയം കൊടുത്തശേഷമാണ് ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതുപ്രകാരം വാഹന രജിസ്ട്രേഷന്‍ ഓണ്‍ലൈനില്‍ത്തന്നെ ചെയ്യാനാവും.

ബൈക്ക്, കാര്‍, ഓട്ടോറിക്ഷ, ബോഡി അടക്കം പുറത്തിറക്കുന്ന ബസ്, ട്രക്ക് തുടങ്ങിയവയ്ക്കാണ് ഇത് സാധ്യമാവുക. വാഹനം വാങ്ങുന്നവരുടെ സമയലാഭത്തിനും ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനും ഇത് ഉപകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍, ഷാസിയായി പുറത്തിറക്കുന്ന വാഹനങ്ങള്‍, ബോഡി നിര്‍മിച്ചശേഷം ആര്‍.ടി. ഓഫീസില്‍ എത്തിച്ചുതന്നെ രജിസ്ട്രേഷന്‍ ചെയ്യേണ്ടിവരും.

ഷോറൂമുകളില്‍ പോയി പരിശോധിക്കാമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ 

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കുന്നതില്‍ വിയോജിപ്പ് അറിയിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സംഘടന സര്‍ക്കാരിന് കത്ത് നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ നീക്കം കുത്തകകളെ സഹായിക്കാനാണെന്നാണ് സംഘടനയുടെ ആരോപണം. ഷോറൂമില്‍ എത്തിച്ചിരിക്കുന്ന വാഹനം അവിടെ പോയി പരിശോധിക്കാന്‍ തയ്യാറാണെന്നും അവര്‍ പറയുന്നു.

Content Highlights: Vehicle Registration With Out Go To RT Office; MVD Kerala