പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പൂര്‍ണമായും ഷോറൂമിലേക്ക് മാറ്റുന്നു. ഡീലര്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍തന്നെ നമ്പര്‍ അനുവദിക്കുന്ന വിധത്തില്‍ വാഹന്‍ സോഫ്റ്റ്വേറില്‍ മാറ്റംവരുത്തും. ഓണ്‍ലൈന്‍ അപേക്ഷ പരിശോധിച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. 

ഇതില്‍ താമസം നേരിടുന്നെന്ന് വില്‍പ്പനക്കാരുടെ പരാതിയുണ്ടായിരുന്നു. അനുവദിക്കുന്ന നമ്പറില്‍, അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് തയ്യാറാക്കി ഘടിപ്പിച്ചാല്‍ മാത്രമേ വാഹനം നിരത്തിലിറക്കാനാവൂ. പൂര്‍ണമായും ഫാക്ടറിനിര്‍മിത വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കാതെയാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 

ഇനി അപേക്ഷകൂടി പരിശോധിക്കാതെ രജിസ്ട്രേഷന്‍ അനുവദിക്കുന്നത് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിന്റെ ലംഘനമാണെന്ന് ആക്ഷേപമുണ്ട്. അപേക്ഷകളില്‍ അതേദിവസംതന്നെ തീര്‍പ്പാക്കാറുണ്ടെന്നും നമ്പര്‍പ്ലേറ്റ് തയ്യാറാക്കുന്നതില്‍ ഷോറൂമുകളിലെ താമസമാണ് പ്രശ്‌നമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

പുതിയ ക്രമീകരണ പ്രകാരം നമ്പര്‍ അനുവദിക്കുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് പിന്നീട് ഓഫീസില്‍ തയ്യാറാക്കുന്നത്. അപേക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ അനുവദിച്ച നമ്പര്‍ റദ്ദാക്കേണ്ടിവരും.

ഡീലര്‍ക്കെതിരേ നടപടിയെടുക്കാമെങ്കിലും നമ്പര്‍ റദ്ദാക്കുക സങ്കീര്‍ണമാണ്. ഇതിന്റെ ബുദ്ധിമുട്ട് വാഹന ഉടമയും അനുഭവിക്കേണ്ടിവരും. പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നിലവിലെ പരിശോധനാ സംവിധാനം സുരക്ഷിതമാണ്. ഇതൊഴിവാക്കുന്നത് ക്രമക്കേടിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്.

Content Highlights: Vehicle Registration Is No Longer In RT Office, But In RT Office