കോവിഡ് നിയന്ത്രണത്തിന് ദീര്‍ഘനാളത്തെ ലോക്ഡൗണ്‍ ഉണ്ടായിരുന്ന 2020-ല്‍ 2019-നെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണത്തില്‍ 29.89 ശതമാനം കുറവ്. കേന്ദ്രസര്‍ക്കാരിന്റെ ഏകീകൃത സോഫ്റ്റ്വേര്‍ സംവിധാനമായ 'പരിവാഹനി'ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 2020-ല്‍ 6.40 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. 

അതേസമയം, 2019-ല്‍ 9.13 ലക്ഷം. 2020-ല്‍ കര്‍ശന ലോക്ഡൗണുണ്ടായിരുന്ന ഏപ്രിലില്‍ 86 മോട്ടോര്‍വാഹന ഓഫീസുകളിലായി 2,337 വാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. മേയ് മാസത്തില്‍ 15,731 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. മാസത്തില്‍ ശരാശരി 50,000 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നിടത്താണ് ഇത്രയും കുറഞ്ഞത്.

സെപ്റ്റംബറിനു ശേഷമാണ് 50,000 കവിഞ്ഞത്. സെപ്റ്റംബറില്‍ 74,756 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 2021-ല്‍ ഇതുവരെ 3.53 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. വീണ്ടും ലോക്ഡൗണ്‍ ഉണ്ടായത് വാഹനവ്യാപാര മേഖലയെ ബാധിച്ചിട്ടുണ്ട്.

കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍

2019-നെ അപേക്ഷിച്ച് കുറവാണെങ്കിലും 2020-ല്‍ ഇരുചക്രവാഹനങ്ങളാണ് കൂടുതല്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 2020-ല്‍ 4.45 ലക്ഷം ഇരുചക്രവാഹനങ്ങള്‍ നിരത്തിലിറങ്ങി. കാറുകള്‍ ഉള്‍പ്പെടെ 1.56 ലക്ഷം ലഘു യാത്രാവാഹനങ്ങളും നിരത്തിലെത്തി. 14,676 മുച്ചക്രവാഹനങ്ങളും രജിസ്റ്റര്‍ചെയ്തു.

Content Highlights: Vehicle Registration Decline In 2020 Due To Covid Lockdown