ലിനീകരണനിയന്ത്രണ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തിയതിന് ഡല്‍ഹിയില്‍ ഈ മാസം ഇതുവരെ 3446 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ എട്ടു ലക്ഷത്തിലേറെ വാഹനങ്ങള്‍ക്കാണ് പുതുതായി പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നഗരത്തില്‍ വായുമലിനീകരണം രൂക്ഷമായതോടെ വാഹന പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ് ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍. 

ഇതിനായി പ്രത്യേക ദൗത്യസംഘങ്ങളേയും നിയോഗിച്ചു. നവംബര്‍ ഒന്നു മുതല്‍ 17 വരെ 3446 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. ഇക്കാലയളവില്‍ 3.34 ലക്ഷം വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. ഒക്ടോബറില്‍ നിരത്തിലിറക്കിയ ദൗത്യസംഘം 8.25 ലക്ഷം വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ ചട്ടം ലംഘിച്ചു വാഹനമോടിച്ചതിന് 9522 ചെലാനുകള്‍ നല്‍കി. ഒമ്പതരക്കോടിയോളം രൂപയാണ് ഇങ്ങനെ പിഴ ലഭിച്ചതെന്നും ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

മോട്ടോര്‍ വാഹന നിയമമനുസരിച്ച് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ പതിനായിരം രൂപ പിഴയോ ആറു മാസത്തെ തടവോ രണ്ടും കൂടിയോ ആണ് ശിക്ഷ. വാഹനമോടിച്ചയാളുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് മരവിപ്പിക്കുകയും ചെയ്യും. ഒക്ടോബര്‍ മധ്യവാരം വരെയുള്ള കണക്കില്‍ 17.71 ലക്ഷം വാഹനങ്ങള്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ലെന്നു കണ്ടെത്തി. നഗരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.34 കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. 

നഗരത്തിലെ 13 ലക്ഷത്തോളം ഇരുചക്രവാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല. നാലുചക്രവാഹനങ്ങളില്‍ 4.20 ലക്ഷത്തിനും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല. തുടര്‍ന്ന്, നിയമലംഘകരെ പിടികൂടാന്‍ ദൗത്യസംഘം രംഗത്തിറങ്ങുകയായിരുന്നു. നഗരത്തിലെ വായുമലിനീകരണത്തില്‍ അമ്പതു ശതമാനവും വാഹനപ്പുകയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് വായുമലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം.

പെട്രോള്‍ പമ്പുകളിലും തിരഞ്ഞെടുക്കപ്പെട്ട റോഡ് ക്രോസിങ്ങുകളിലുമൊക്കെ അമ്പതോളം ദൗത്യസംഘങ്ങള്‍ പരിശോധനയ്ക്കുവേണ്ടി വിന്യസിക്കപ്പെട്ടു. ഇതിനു പുറമെ, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള പ്രത്യേക ബോധവത്കരണത്തിനും തുടക്കമിട്ടു. നഗരത്തില്‍ ആയിരത്തോളം അംഗീകൃത പൊല്യൂഷന്‍ സെന്ററുകളുണ്ട്. അവയുടെ കണക്കനുസരിച്ച് സെപ്റ്റംബറില്‍ 5.44 ലക്ഷം പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. 

ഗതാഗത വകുപ്പ് പരിശോധന ഊര്‍ജിതമാക്കിയതോടെ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നവരുടെ എണ്ണവും കൂടി. പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും 15 വര്‍ഷത്തിലേറെ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും നിരത്തിലോടാന്‍ പാടില്ലെന്നാണ് മറ്റൊരു വ്യവസ്ഥ. ഗതാഗത വകുപ്പ് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള അമ്പതു വാഹനങ്ങള്‍ പിടിച്ചെടുത്തു. വാഹന പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Content Highlights: Vehicle pollution under control certificate, pollution certificate, Delhi police, vehicle checking