പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വാഹനങ്ങള്‍ നെട്ടോട്ടമോടുന്നു. ബി.എസ്. 6 പെട്രോള്‍ വാഹനങ്ങളാണ് പുകപരിശോധനാ കേന്ദ്രങ്ങള്‍ തേടി ഓടുന്നത്. സര്‍ട്ടിഫിക്കറ്റില്ലാതെ പിടിച്ചാല്‍ 2,000 രൂപ പിഴയടയ്ക്കണം. ബി.എസ്. 6 പെട്രോള്‍ വാഹനങ്ങള്‍ക്ക് 'ലാംബ്ഡ' വാതകപരിശോധനകൂടി നടത്തിയാലേ പരിവാഹന്‍ സൈറ്റില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂവെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.

സംസ്ഥാനത്തെ 1800-ഓളം വാഹനപുകപരിശോധനാ കേന്ദ്രങ്ങളില്‍ ഭൂരിഭാഗത്തിലും ഇത് കണ്ടുപിടിക്കാനുള്ള ഉപകരണം (സെന്‍സര്‍) ഇല്ല. ഡിസംബര്‍ ഒന്‍പതുവരെ കിട്ടിയിരുന്ന സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ ലഭിക്കാത്തത്. നിലവിലുള്ള ഉപകരണത്തില്‍ ലാംബ്ഡ പരിശോധനയ്ക്കുള്ള സെന്‍സറില്ലെങ്കില്‍ പുക പരിശോധിച്ചാല്‍ 'ഫെയില്‍ഡ്' എന്നാണ് കാണിക്കുക. പരിവാഹന്‍ സോഫ്റ്റ് വെയറും പുകപരിശോധനാ കേന്ദ്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായാണ് കിട്ടേണ്ടത്.

'ലാംബ്ഡ' പരിശോധനയ്ക്കുള്ള സെന്‍സറിന് 35,000 മുതല്‍ 75,000 രൂപവരെ വിലയുണ്ട്. ചില സ്ഥാപനങ്ങള്‍ ഇത് സ്ഥാപിക്കാന്‍ തയ്യാറായിട്ടുണ്ടെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചറിയാതെ എങ്ങനെ പരിശോധന നടത്തുമെന്ന് വെഹിക്കിള്‍ എമിഷന്‍ ടെസ്റ്റിങ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.സി.കൃഷ്ണന്‍ പറഞ്ഞു. ഇക്കാര്യം കമ്പനിക്കും മോട്ടോര്‍ വാഹനവകുപ്പിനും അറിയില്ല. പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ. ഇ.എസ്.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. പരിവാഹന്‍ സൈറ്റ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് കീഴിലായതിനാല്‍ അവിടെനിന്ന് ചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ലാംബ്ഡ

2020 ഏപ്രില്‍ ഒന്നുമുതലുള്ള ബി.എസ്. 6 പെട്രോള്‍ വാഹനങ്ങളിലെ പുക പരിശോധിക്കാന്‍ 'ലാംബ്ഡ' എടുക്കണം. ഇന്ധനം കത്തുമ്പോഴുള്ള ഓക്‌സിജന്റെ അനുപാതമാണ് അളക്കുന്നത്. അതിനെയാണ് 'ലാംബ്ഡ' എന്നു പറയുന്നത്. ഇത് അളക്കാനുള്ള ഉപകരണമുണ്ടെങ്കിലേ ഇത്തരം വാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് കിട്ടൂ. ഇരുചക്രവാഹനങ്ങള്‍ക്കും 'ലാംബ്ഡ' പരിശോധന നടത്തണം. ബി.എസ്. 4, ബി.എസ്. 6 വാഹനങ്ങളുടെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരുവര്‍ഷമാണ് കാലപരിധി. ബി.എസ്. 3 വാഹനങ്ങളുടേതിന് ആറുമാസവും.

Content Highlights: Vehicle pollution testing, pollution under control certificate, pollution certificate