സംസ്ഥാനത്തെ വാഹനപുകപരിശോധന കേന്ദ്രങ്ങളില്‍ ഇനി ശാസ്ത്രീയ പരിശീലനം നേടിയവര്‍ മാത്രം. നേരത്തെ ഐ.ടി.ഐ.ക്കാര്‍ക്ക് മാത്രം നല്‍കിയിരുന്ന കേന്ദ്രങ്ങളില്‍ അവരെ കിട്ടാതായതോടെ ആരെങ്കിലും പരിശോധന നടത്തുന്ന സംവിധാനമൊഴിവാക്കാനായുള്ള പുതിയപദ്ധതി ഉടന്‍ ആരംഭിക്കും. എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചി(ഐ.ഡി.ടി.ആര്‍)ല്‍ ഇതിനായുള്ള പരിശീലനത്തിനുള്ള സിലബസടക്കമുള്ളവ തയ്യാറായി. 

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായാണ് വാഹനങ്ങളില്‍ പുകപരിശോധന ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് 3000-ത്തില്‍പ്പരം അംഗീകൃത കേന്ദ്രങ്ങളാണുള്ളത്. ഐ.ടി.ഐ. പാസായവര്‍ക്കാണ് ഇതിനുള്ള ലൈസന്‍സ് നല്‍കിയിരുന്നത്. ഏതെങ്കിലും ഒരു ഐ.ടി.ഐ.ക്കാരുടെ പേരില്‍ ലൈസന്‍സ് മാത്രമെടുത്ത് ആരെങ്കിലും കേന്ദ്രം നടത്തുന്നരീതിയാണ് ഇതുവരെ നടന്നിരുന്നത്.

പരിശോധനാ യന്ത്രത്തില്‍ നേരത്തെ സെറ്റ് ചെയ്തുവെച്ച സംവിധാനംവഴി പരിശോധിക്കുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരുന്നു രീതി. എന്നാല്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ സെര്‍വറുമായി ഇവയെ ബന്ധിപ്പിച്ചതോടെ ഈ രീതി നടപ്പിലാവാത്ത അവസ്ഥയാണിപ്പോള്‍.

പരിശോധിക്കുന്നത് ഇവ

മോട്ടോര്‍ വാഹനങ്ങളിലെ പെട്രോളോ ഡീസലോ വാതകമോ അന്തരീക്ഷത്തില്‍നിന്നുള്ള ഓക്സിജന്‍ സ്വീകരിച്ച് കത്തിയാണ് (1സി.സി.:16 സി.സി. അളവില്‍) വാഹനമോടുന്നത്. ആവശ്യത്തിന് ഓക്സിജന്‍ കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ഇന്ധനം പൂര്‍ണമായി കത്താതെ പുറത്തേക്കുപോകും. ഇതില്‍ കാര്‍ബണ്‍മോണോക്സൈഡും കാര്‍ബണ്‍ കണികകളുമുണ്ടാകുന്നതിനാല്‍ വലിയതോതില്‍ അന്തരീക്ഷമലിനീകരണമുണ്ടാകും.

ഭാരത് 4, ഭാരത് 3 എന്നിവയിലെല്ലാം ഇത് വ്യത്യസ്തമായിരിക്കും. ഇതാണ് പരിശോധിച്ച് കണ്ടെത്തുന്നത്. കൂടിയ അളവില്‍ ഇവയുണ്ടാകുന്ന വാഹനങ്ങളുടെ ഫില്‍റ്ററടക്കമുള്ളവ പരിശോധിച്ച് തകരാര്‍ തീര്‍ത്ത് വീണ്ടും പുകപരിശോധന നടത്തണം. ഇതെല്ലാം കൃത്യമായി പരിശീലിപ്പിക്കാനുള്ള സിലബസ് തയ്യാറാക്കിക്കഴിഞ്ഞു.

പരിശീലനം ഇങ്ങനെ

കേരളത്തില്‍ പുകപരിശോധനയ്ക്ക് പത്തോളം കമ്പനികളുടെ യന്ത്രങ്ങളാണുപയോഗിക്കുന്നത്. ഇവയെല്ലാം ഐ.ഡി.ടി.ആറില്‍ സജ്ജമാക്കും. 30 പേരടങ്ങുന്ന സംഘത്തിന് നിശ്ചിത ഫീസീടാക്കി 15 ദിവസത്തെ പരിശീലനമാണ് നല്‍കുക. തുടര്‍ന്ന് ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഐ.ടി.ഐ. നിബന്ധന ഒഴിവാക്കി എസ്.എസ്.എല്‍.സി.യും ഈ സര്‍ട്ടിഫിക്കറ്റുമുള്ളവര്‍ക്കാണ് ഇനി കേന്ദ്രത്തിനുള്ള ലൈസന്‍സ് നല്‍കുക. നിലവില്‍ കോവിഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം അതൊഴിവാകുന്നതോടെ ഈ പരിശീലനമാരംഭിക്കുമെന്ന് ജോ.ഡയറക്ടര്‍ ഡോ. മുഹമ്മദ് നജീബ് പറഞ്ഞു.

Content Highlights: Vehicle Pollution Testing Centre Should Appoint Specially Trained Employees