റഫീഖ് പിക്കപ്പ് വാഹനത്തിന്റെ താക്കോൽ മനോജിന് കൈമാറുന്നു | ഫോട്ടോ: മാതൃഭൂമി
കോവിഡ് കാലത്ത് സുഹൃത്തിനോടുള്ള കരുതലിന്റെ ഉദാത്തമായ മാതൃകയാവുകയാണ് ചേളന്നൂര്‍ പാലത്ത് ഗുഡ്സ് സ്റ്റാന്‍ഡിലെ ഡ്രൈവറായ കിഴക്കുംമുറി പുതിയേടത്ത് റഫീഖ്. റഫീഖിന്റെ നന്മ നിറഞ്ഞ മനസ്സുകൊണ്ട് സുഹൃത്തായ മനോജിന് ഇനി സ്വന്തം ഉടമസ്ഥതയിലുള്ള പിക്കപ്പ് വാനിന്റെ വളയം പിടിക്കാം.
റഫീഖിന്റെ കൈവശമുള്ള രണ്ട് പിക്കപ്പ് ഗുഡ്സ് വാഹനത്തില്‍ ഒരെണ്ണമാണ് സുഹൃത്തായ മനോജിന് സമ്മാനിച്ചത്. ഇരുവരും പാലത്ത് ഗുഡ്സ് സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ്. റഫീഖിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ മൂന്ന് വര്‍ഷമായി മനോജ് ജോലിചെയ്യുന്നു. പിക്കപ്പ് ഓടിച്ചുകിട്ടുന്ന പണം ഇടവേളയായി റഫീഖിന് കൊടുക്കാറായിരുന്നു പതിവ്.
മനോജിന്റെ സാമ്പത്തിക പ്രയാസം അടുത്തറിഞ്ഞ റഫീഖ് നാലുലക്ഷത്തോളം രൂപ മുടക്കി മൂന്നുവര്‍ഷം മുന്‍പ് വാങ്ങിയ വാഹനമാണ് ഇന്‍ഷുറന്‍സ് തുകയും മുഴുവന്‍ അടച്ച് മനോജിന് നല്‍കിയത്. കോവിഡ് പിടിമുറുക്കുന്നതിന് മുന്‍പുതന്നെ വാഹനം കൊടുക്കാന്‍ മനസ്സില്‍ വിചാരിച്ചിരുന്നതായി റഫീഖ് പറഞ്ഞു.
റഫീഖ് വാഹനം നല്കാന് തീരുമാനിച്ചത് നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റി. സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ റഫീഖ് പിക് അപ്പിന്റെ താക്കോല്‍ മനോജിന് കൈമാറി. റഫീഖിന്റെ സുമനസ്സിനെ പ്രശംസിച്ച് സാമൂഹികമാധ്യമങ്ങളിലും വാഹനം കൈമാറുന്ന ഫോട്ടോ പ്രചരിക്കുന്നുണ്ട്.
Content Highlights: Vehicle Owner Gifted His Vehicle To The Driver
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..