കൃത്യമായ രീതിയില്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ഇതിനായി പ്രത്യേക പരിശോധന നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. എം.കെ. ജയേഷ് കുമാര്‍ ജില്ലയിലെ ആറ് സ്‌ക്വാഡുകള്‍ക്കും നിര്‍ദേശംനല്‍കി.

പരിശോധന തുടങ്ങി, കഴിഞ്ഞ മൂന്നുദിവസത്തിനിടെ മാത്രം 30 വാഹനങ്ങളാണ് വിവിധ സ്‌ക്വാഡുകള്‍ പിടിച്ചത്. 2,000 മുതല്‍ 5,000 രൂപ വരെയാണ് പിഴ. 2019 ഏപ്രില്‍ മാസത്തിനുമുമ്പ് രജിസ്റ്റര്‍ചെയ്ത വാഹനങ്ങളിലാണ് നമ്പര്‍ ഇഷ്ടാനുസരണം എഴുതുന്നത്. ഹൈ സെക്യൂരിറ്റി നമ്പര്‍ ബോര്‍ഡ് പ്രാവര്‍ത്തികമായതിനാല്‍ ഏപ്രിലിനുശേഷം രജിസ്റ്റര്‍ചെയ്ത വാഹനങ്ങള്‍ക്കെല്ലാം ഏകീകൃത സ്വഭാവമാണ്.

മൂന്നിടത്ത് പ്രദര്‍ശിപ്പിക്കണം കാറിന്റെ നമ്പര്‍

കാറുകള്‍ക്ക് രണ്ടിടത്തല്ല, മൂന്നിടത്ത് നമ്പര്‍ പ്രദര്‍ശിപ്പിക്കണം. 2019 ഏപ്രില്‍ മാസത്തിനുശേഷമിറങ്ങിയ കാറുകള്‍ക്കാണ് മൂന്നിടത്ത് നമ്പര്‍ നിര്‍ബന്ധമാക്കുന്നത്. വാഹനത്തിന് പിറകിലും മുന്നിലുമുള്ളതിനുപുറമെ മുന്‍വശത്തെ ഗ്ലാസിലും നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്.

ഹൈ സെക്യൂരിറ്റി നമ്പര്‍ ബോര്‍ഡുകള്‍ ഘടിപ്പിക്കുന്നുണ്ടെങ്കിലും ഗ്ലാസിലെ നമ്പര്‍ ബോര്‍ഡ് പലരും പ്രദര്‍ശിപ്പിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Content Highlights: Vehicle Number Plate, Third Number Plate, MVD Kerala, Motor Vehicle Rules