രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കണ്ടുപിടിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കുന്നു. മറ്റു വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന വിധത്തിലുള്ള ക്രമക്കേടുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇ-ബുള്‍ജെറ്റ് വ്‌ളോഗര്‍മാരുടെ നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങളിലെ വീഡിയോകളും നിരീക്ഷിക്കും.

സാമൂഹികമാധ്യമങ്ങളിലൂടെ വരുന്ന പരാതികളിലും അന്വേഷണമുണ്ടാകും. റോഡ് അപകടങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി നടപടിയെടുക്കും. സേഫ് കേരള എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനാണ് പരിശോധനയുടെ ചുമതല. ആരോപണങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ പരിശോധന കുറയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം.

കുറ്റങ്ങളും പിഴകളും

നിറം: വാഹനങ്ങളുടെ നിറം മാറ്റുന്നത് അനുവദനീയമാണ്. അപേക്ഷ നല്‍കി മറ്റ് വാഹന ഡ്രൈവര്‍മാര്‍ക്ക് ശ്രദ്ധ തെറ്റില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാകണം. ശ്രദ്ധ തെറ്റിക്കുന്ന രീതിയിലുള്ള നിറം മാറ്റത്തിന് 5000 രൂപയാണ് പിഴ ഈടാക്കുന്നത്. 

സൈലന്‍സര്‍: ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയാല്‍ 5000 രൂപയാണ് പിഴ.

ടയര്‍: നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിശ്ചിത അളവിലും വലിപ്പത്തിലുമല്ലാത്ത ടയറുകള്‍ മാറ്റി ഉപയോഗിച്ചാല്‍ 5000 രൂപ വരെ പിഴ ഈടാക്കാം.

ഹോണ്‍; ഡെസിബല്‍ കൂടിയ ഹോണ്‍ വെച്ചാല്‍ 5000 രൂപയും ശബ്ദമലിനീകരണത്തിന് 2000 രൂപയും പിഴ ഈടാക്കും. 

ലൈറ്റ്: തീവ്രതയേറിയ വെളിച്ചം ഉണ്ടാക്കുന്ന ബള്‍ബുള്‍ സ്ഥാപിച്ചാലും ലൈറ്റുകളുടെ എണ്ണം കൂട്ടിയാലും പിഴ 5000 രൂപയാണ്.

രൂപമാറ്റം: കാര്യക്ഷമതയേയും ഉത്പാദനക്ഷമതയേയും ബാധിക്കുന്ന രീതിയില്‍ വാഹനത്തിന്റെ രൂപഘടനയില്‍ മാറ്റം വരുത്തിയാലും 5000 രൂപയാണ് പിഴ.

നമ്പര്‍ പ്ലേറ്റ്: രജിസ്‌ട്രേഷന്‍ നമ്പര്‍ മാനദണ്ഡമനുസരിച്ച് പ്രദര്‍ശിപ്പിക്കാം. അല്ലാതെയുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ഡിസൈന്‍ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചാലും 3000 രൂപ പിഴ ഈടാക്കും.

ഹാന്‍ഡില്‍, സ്റ്റിയറിങ്ങ്: കമ്പനി നിഷ്‌കര്‍ഷിച്ച നിശ്ചിത വലിപ്പത്തില്‍ അല്ലാത്തവ ഉപയോഗിച്ചാലും 5000 രൂപ വരെയാണ് പിഴ. 

ബ്രേക്ക് ലൈറ്റ്; വാഹനങ്ങളിലെ ബ്രേക്ക് ലൈറ്റ് പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് കാണാത്ത രീതിയില്‍ മറയ്ക്കുന്നതിനും മറ്റം വരുത്തുന്നതിനും 5000 രൂപ പിഴ ഈടാക്കാം.

Content Highlights: Vehicle Modification; MVD Planning To Launch Aggressive Checking