കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനം പൊതുവാഹനങ്ങള്‍ കൈയൊഴിഞ്ഞതോടെ നേട്ടം വാഹനവിപണിക്ക്. വാഹനവില്പന 'ടോപ് ഗിയറി'ല്‍ കുതിക്കുന്നതായാണ് വാഹന ഡീലര്‍മാര്‍ നല്‍കുന്ന സൂചന. പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യാനുള്ള ഭീതി കാരണം സാധാരണക്കാരുള്‍പ്പെടെ തവണവ്യവസ്ഥയിലും അല്ലാതെയും കാറും ഇരുചക്രവാഹനവും സ്വന്തമാക്കുന്ന കാഴ്ചയാണ്.

ഇതിനെ ശരിവെക്കുന്നതാണ് ഡ്രൈവിങ് സ്‌കൂളുകളില്‍നിന്നുള്ള വിവരങ്ങള്‍. 18 വയസ്സ് പൂര്‍ത്തിയായ നിരവധിപേര്‍ ഡ്രൈവിങ് പരിശീലനത്തിന് സമീപിക്കുന്നതായി ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരും പറയുന്നു. സംസ്ഥാനത്തുതന്നെ കാര്‍ വില്പന കോവിഡ് കാലത്തും പടിപടിയായി ഉയരുന്നതായാണ് കണക്കുകള്‍. 

ജൂണില്‍ 8624 കാര്‍ രജിസ്‌ട്രേഷന്‍ നടന്നപ്പോള്‍ ജൂലായില്‍ അത് 8785, ഓഗസ്റ്റില്‍ 9566 എന്നിങ്ങനെ കൂടിയതായി വാഹന ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഉത്പാദനരംഗത്തുണ്ടായ തടസ്സങ്ങള്‍ ഇരുചക്രവാഹന വിപണനത്തെയും വില്പനയെയും നേരിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

Content Highlights: Vehicle Market Shows Growth After Corona Lockdown