കാർ ടാങ്കിൽനിന്ന് എൻജിനിലേക്കുള്ള റബ്ബർ പൈപ്പിൽ വണ്ടുകൾതുളച്ച ചെറു ദ്വാരങ്ങൾ
കാറുകളിലെ റബ്ബര്‍ ഹോസില്നിന്ന് പെട്രോള്‍ ചോരുന്ന സംഭവത്തില്‍ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഇടപെടുന്നു. കേരളത്തിലെ നൂറുകണക്കിന് കാറുകളില്‍ പ്രശ്നം വന്നതിനെ തുടര്‍ന്നാണ് ഇടപെടല്‍. മാരുതി, ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഉദ്യോഗസ്ഥര്‍ വാഹന ഉടമകളില്‍നിന്ന് വിവരം ആരാഞ്ഞു.
കാറിന്റെ ടാങ്കില്‍നിന്ന് എന്‍ജിനിലേക്കുള്ള റബ്ബര്‍ ഹോസില്‍ (പൈപ്പ്) ഉണ്ടായ ദ്വാരങ്ങളില്നിന്നാണ് പെട്രോള്‍ ചോരുന്നത്. സ്കോളിറ്റിഡേ കുടുംബത്തില്‍പ്പെട്ട വണ്ടുകളാണ് ഇതിന് പിന്നിലെന്ന് കാറില്‍നിന്നുള്ള വീഡിയോയുടെ അടിസ്ഥാനത്തില്‍ എന്റമോളജി വിഭാഗവും ടാക്സോണമിസ്റ്റുകളും വിലയിരുത്തിയിട്ടുണ്ട്.
ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, മുഖ്യമന്ത്രി, ഗതാഗത വകുപ്പ്, കൃഷി വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്കും വിവിധ കാര്‍ കമ്പനികള്‍ക്കും വാഹന ഉടമകള്‍ കത്തയച്ചു.
പ്രശ്നത്തിന് പരിഹാരമായി ദ്വാരംവീണ റബ്ബര്‍ ഹോസ് മാറ്റി പുതിയത് ഘടിപ്പിക്കുമ്പോള്‍ മെക്കാനിക് അതിനുമുകളില്‍ സ്പ്രേ പെയിന്റ് അടിച്ചുകൊടുക്കുന്നു. ഇതുമൂലം പെട്രോള്‍ മണം കിട്ടില്ല. പെട്രോളില്‍ ഇപ്പോള്‍ ആല്‍ക്കഹോളായ എഥനോള്‍ ചേര്‍ക്കുന്നുണ്ട്. ഇതാണ് സ്കോളിറ്റിഡേ വണ്ടുകളെ ആകര്‍ഷിക്കുന്നത്. റബ്ബര്‍ ഹോസിന് മുകളില്‍ സ്ലീവ് (കവറിങ്) ഇട്ടുകൊടുക്കുകയും ചെയ്യുന്നതായി കാലിക്കടവ് ആണൂരിലെ മെക്കാനിക് കെ. പവിത്രന് പറഞ്ഞു.
സ്കോളിറ്റിഡേ കുടുബത്തില്‍പ്പെട്ട (സ്കോളിറ്റഡ്) വണ്ടുകള്‍ റബ്ബര്‍ ട്യൂബില്‍ ഇരിക്കുന്നതും മുട്ടയിടുന്നതും തടയാന്‍ നന്നായി ഗ്രീസ് പുരട്ടണമെന്ന് പടന്നക്കാട് കാര്‍ഷിക കോളേജ് എന്റമോളജി വിഭാഗം അറിയിച്ചു. വിവിധ കമ്പനികളുടെ നൂറുകണക്കിന് കാറുകളിലാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ പെട്രോള്‍ ചോര്‍ച്ച ഉണ്ടായത്.
Content Highlights: Vehicle manufactures enquirers about fuel leakage from petrol cars, Petrol engine cars, Fuel leakage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..