'വീല്‍സില്‍' രേഖപ്പെടുത്താത്ത സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഇനി സര്‍ക്കാര്‍ സഹായമില്ല. പലവട്ടം നിര്‍ദേശം നല്‍കിയിട്ടും ഡ്രൈവര്‍മാര്‍ വെഹിക്കിള്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ (വീല്‍സ്) വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നില്ലെന്നു കണ്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.

വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ്, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെയെല്ലാം വാഹനങ്ങളുടെയും അവയിലെ ജീവനക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തണമെന്ന് പലവട്ടം നിര്‍ദേശം നല്‍കിയിരുന്നു. ഇതു പാലിക്കുന്നതില്‍ വീഴ്ചവരുന്നതായി സര്‍ക്കാര്‍ കണ്ടെത്തി. 

ഇതോടെയാണ് ഇനിയും രേഖപ്പെടുത്താത്തവര്‍ക്ക് വാഹനങ്ങളുടെയോ ഡ്രൈവര്‍മാരുടെയോ ചെലവിലേക്കായി ഒരുരൂപപോലും നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈമാസം 30-നകം വീല്‍സില്‍ ചേര്‍ക്കാത്ത എല്ലാ വാഹനങ്ങളുടെയും ജീവനക്കാരുടെയും വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ഡിസംബര്‍ 31-നകം ധനവകുപ്പില്‍ നല്‍കണം.

ഇത് നിരീക്ഷിക്കാന്‍ എല്ലാ വകുപ്പുകളിലും നോഡല്‍ ഓഫീസര്‍മാരെയും വാഹനങ്ങളനുവദിച്ച ഓഫീസുകളില്‍ കണ്‍ട്രോളിങ് ഓഫീസര്‍മാരെയും നിയമിക്കണം. വാഹനങ്ങളുടെ ആര്‍.സി., ഡ്രൈവര്‍മാരുടെ ലൈസന്‍സ്, പുകപരിശോധനയടക്കമുള്ളവയുടെ രേഖകള്‍ എന്നിവയും നല്‍കണം. ദിവസവേതന, കരാര്‍ ജീവനക്കാരുടെ വേതനം അനുവദിക്കുംമുന്‍പ് ആ വാഹനങ്ങളുടെ വിവരങ്ങള്‍ വീല്‍സിലുണ്ടെന്ന് ഉറപ്പാക്കണം.

Content Highlights: Vehicle management system for government vehicle, vehicle and driver details