വാഹനങ്ങള്‍ എവിടെയെത്തിയെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ഗതിനിര്‍ണയസംവിധാനവും (വെഹിക്കിള്‍ ലോക്കേഷന്‍ ട്രാക്കിങ് ഡിവൈസ് -വി.എല്‍.ടി.ഡി.), എമര്‍ജന്‍സി ബട്ടണും 2021 ജനുവരി ഒന്നുമുതല്‍ നടപ്പാക്കണമെന്ന് ഹൈക്കോടതി.
യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള സംവിധാനം നടപ്പാക്കാന്‍ വൈകുന്നത് ചോദ്യംചെയ്തുള്ള പൊതുതാത്പര്യഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണിത്. വെങ്ങോലയിലെ ജാഫര്‍ ഖാന്‍, കൊല്ലം കരുനാഗപ്പള്ളിയിലെ പൗരാവകാശ സംരക്ഷണസമിതി എന്നിവരാണ് ഹര്‍ജിക്കാര്‍.
ഗതിനിര്‍ണയസംവിധാനം നടപ്പാക്കാനുള്ള മാര്‍ഗരേഖകളും നിര്‍ദേശങ്ങളും 2020 ജനുവരി ഒന്നിന് സംസ്ഥാനസര്‍ക്കാര്‍ സര്‍ക്കുലറായി ഇറക്കിയിട്ടുണ്ട്. അത് കര്‍ശനമായി നടപ്പാക്കാനാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഗതാഗതവകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചത്.
തത്കാലം ഇത് നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി അറിയിച്ചത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജി.പി.എസ്. സംവിധാനത്തിന് ജില്ലതോറും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുന്നതുള്‍പ്പെടെ നടപടികളെടുത്തു വരുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതായി കോടതി ചൂണ്ടിക്കാട്ടി.
ഓരോ ജില്ലയിലെയും ആര്‍.ടി.ഒ.യെ (എന്‍ഫോഴ്സ്മെന്റ്) വാഹനങ്ങള്‍ ഈസംവിധാനം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയതായാണ് അറിയിച്ചിട്ടുള്ളത്. കോവിഡ് കാലത്തെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി. ഇക്കാര്യത്തില്‍ കൂടുതല്‍സമയം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഇത് നടപ്പാക്കണമെന്ന ചട്ടം രണ്ടരക്കൊല്ലംമുമ്പ് നിലവില്‍വന്നതാണെന്ന് കോടതി ഓര്‍മപ്പെടുത്തി. ഓട്ടോറിക്ഷയുള്‍പ്പെടെ മുച്ചക്രവാഹനങ്ങള്‍, ഇ-റിക്ഷകള്‍, പെര്‍മിറ്റ് ആവശ്യമില്ലാത്ത യാത്രാവാഹനങ്ങള്‍ എന്നിവയൊഴികെയുള്ള യാത്രാ, ചരക്കുവാഹനങ്ങള്‍ക്കാണ് ഗതിനിര്‍ണയസംവിധാനം നടപ്പാക്കുന്നത്.
Content Highlights: Vehicle Location Tracking Device and Emergency Switch Is Mandatory For Passenger Vehicle