കേരളത്തില്‍ രജിസ്റ്റര്‍ചെയ്ത വാഹനം താത്കാലിക പെര്‍മിറ്റില്‍ ഒരിക്കല്‍ തമിഴ്നാട്ടിലേക്കു പോയതിന്റെപേരില്‍ തുടര്‍ന്ന് നികുതിയടയ്ക്കാന്‍ തമിഴ്നാടിന്റെ അനുമതിവാങ്ങേണ്ട അവസ്ഥ. വാഹന രജിസ്ട്രേഷന്‍ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സോഫ്റ്റ്വേറായ വാഹന്റേതാണ് വിചിത്ര വ്യവസ്ഥ. ഇതര സംസ്ഥാനങ്ങളിലേക്ക് താത്കാലിക പെര്‍മിറ്റില്‍ പ്രവേശിച്ച വാഹനങ്ങളുടെ ഉടമകളെല്ലാം ഈ വ്യവസ്ഥയില്‍ വലയുകയാണ്.

വാഹനം രജിസ്റ്റര്‍ചെയ്ത കേരളത്തില്‍നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഇതേ വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വാഹന്‍ വെബ്സൈറ്റില്‍ എത്തുന്നതാണ് കാരണം. ഇരുസംസ്ഥാനങ്ങളില്‍നിന്നും വിവരങ്ങള്‍ ലഭിച്ചതിനാല്‍ വാഹന്‍ സോഫ്റ്റ്വേര്‍ ഇതിനെ കരിമ്പട്ടികയിലേക്കു മാറ്റും. സേവനങ്ങളെല്ലാം നിര്‍ത്തിവെക്കും. ഇതരസംസ്ഥാന ഓഫീസുകളില്‍നിന്ന് ഇത് സ്ഥിരീകരിച്ച് പിന്‍വലിച്ചാലേ കരിമ്പട്ടികയില്‍നിന്നു നീക്കാനാവൂ.

ഫിറ്റ്നസ്, പെര്‍മിറ്റ് പുതുക്കല്‍, ഉടമസ്ഥാവകാശ കൈമാറ്റം എന്നിവയ്ക്ക് അപേക്ഷ നല്‍കുമ്പോഴാകും വാഹന ഉടമകള്‍ കരിമ്പട്ടികയുടെ കാര്യം അറിയുക. നേരിട്ട് ഇതരസംസ്ഥാന ഓഫീസുകളെ സമീപിക്കുകയോ ഇടനിലക്കാരെ നിയോഗിക്കുകയോ മാത്രമാണ് പോംവഴി. 3000 രൂപവരെ ഇടനിലക്കാര്‍ ഇതിന് ഈടാക്കുന്നുണ്ട്.

ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരള രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നത് തടയുകയോ ഇങ്ങനെ എത്തിയിട്ടുള്ള വിവരങ്ങള്‍ ഒഴിവാക്കുകയോ ചെയ്താല്‍ ഇത് പരിഹരിക്കാമായിരുന്നു. സോഫ്റ്റ്വേറിന്റെ ചുമതലയുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് ഇക്കാര്യം ആവശ്യപ്പെടേണ്ടത് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പാണ്.

വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വിവരങ്ങളില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നത് നിര്‍ത്തിവെച്ചതും വാഹന ഉടമകളെ വലയ്ക്കുന്നു. നിലവിലുള്ള നമ്പറുകള്‍ മാറ്റാന്‍പറ്റും. എന്നാല്‍ പുതിയത് ഉള്‍ക്കൊള്ളിക്കാനാവില്ല. നമ്പര്‍ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ അതത് ഓഫീസുകളുമായി ബന്ധപ്പെടണം. തിരുവനന്തപുരത്തെ വാഹനം കാസര്‍കോട്ടുള്ളവര്‍ വാങ്ങിയാല്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്താന്‍ തിരുവനന്തപുരം ഓഫീസിനെ സമീപിക്കേണ്ടിവരും. അല്ലെങ്കില്‍ ഇടനിലക്കാരെ ചുമതലപ്പെടുത്തണം.

ഓണ്‍ലൈനില്‍ കൂടുതല്‍ സങ്കീര്‍ണതകളുണ്ടാക്കി ഇടനിലക്കാര്‍ക്ക് അവസരം നല്‍കുന്നുവെന്നാണ് വാഹന ഉടമകളുടെ പരാതി. സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും വാഹന ഉടമസ്ഥാവകാശ കൈമാറ്റം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കാത്തത് അഴിമതിക്ക് ഇടയാക്കുന്നുവെന്ന് കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു.

Content Highlights: Vehicle Inter state journey, Other state tax, Vahan software, Vehicle tax, Vehicle black list