പുതിയ ഇരുചക്രവാഹനങ്ങളും സ്വകാര്യ ആവശ്യത്തിനായി കാറുകളും വാങ്ങുമ്പോള്‍ ഓണര്‍ ഡ്രൈവര്‍ കവറേജ് ഇന്‍ഷുറന്‍സ് പ്രീമിയം ഒരു വര്‍ഷത്തേക്ക് അടച്ചാല്‍ മതിയെന്ന് ഐ.ആര്‍.ഡി.എ.ഐ.. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് പുതുക്കിയാല്‍ മതിയാകും.
ഇരുചക്രവാഹനം വാങ്ങുമ്പോള്‍ നിലവില്‍ അഞ്ചു വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം മുന്‍കൂര്‍ അടയ്ക്കണം. കാറുകള്‍ക്ക് മൂന്നു വര്‍ഷത്തേക്കും. ഇതിനൊപ്പം ഇതേ കാലയളവിലേക്ക് നിര്‍ബന്ധമായി ഓണര്‍ ഡ്രൈവര്‍ കവറേജ് പ്രീമിയവും അടയ്‌ക്കേണ്ടിയിരുന്നു. ഇത് ഒരു വര്‍ഷത്തേക്ക് മതിയെന്നാണ് പുതിയ നിര്‍ദേശം.
ഓണര്‍ ഡ്രൈവര്‍ കവറേജ് 15 ലക്ഷം രൂപയായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് പ്രീമിയവും ഉയര്‍ന്നിരുന്നു. ഒരു വര്‍ഷത്തെ പ്രീമിയം തുകയില്‍ 750 രൂപയാണ് കൂടിയത്. ഇതോടെ പുതിയ ഇരുചക്രവാഹനം വാങ്ങുന്നവര്‍ക്ക് 18 ശതമാനം ജി.എസ്.ടി. ഉള്‍പ്പെടെ അഞ്ചു വര്‍ഷത്തേക്ക് 4425 രൂപ അധികം നല്‍കണമായിരുന്നു. കാറുകള്‍ക്ക് മൂന്നുവര്‍ഷത്തേക്കായി 2665 രൂപയും.
ഓണര്‍ ഡ്രൈവര്‍ കവറേജിനുള്ള പ്രീമിയം ഒരു വര്‍ഷത്തേക്കാക്കുമ്പോള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് വര്‍ധിപ്പിച്ച തുകയില്‍ 3540 രൂപയുടെ കുറവുണ്ടാകും. കാറുകള്‍ക്ക് 1770 രൂപയും.
ദേശീയതലത്തില്‍ ഇരുചക്ര വാഹനവിപണിയില്‍ ഇന്‍ഷുറന്‍സ് നിരക്കു വര്‍ധന തിരിച്ചടിയായിയിരുന്നു. ഇതോടൊപ്പം പെട്രോള്‍ വിലവര്‍ധന കൂടിയായപ്പോള്‍ വില്‍പ്പന ഇടിഞ്ഞു.
പുതിയ വാഹനങ്ങള്‍ക്ക് ദീര്‍ഘകാല ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ബന്ധമാക്കിയപ്പോള്‍ അപകടത്തില്‍ വണ്ടിക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള പാക്കേജ് പോളിസി വര്‍ഷംതോറും പുതുക്കാന്‍ ഐ.ആര്‍.ഡി.എ.ഐ. അനുമതി നല്‍കിയിരുന്നു.
ഇതേ രീതി തന്നെയാണ് ഓണര്‍ ഡ്രൈവര്‍ പ്രീമിയത്തിലും വരുത്തിയിരിക്കുന്നത്. പാക്കേജ് പോളിസി ഉടമയ്ക്ക് വേണമെങ്കില്‍ മാത്രം വര്‍ഷാവര്‍ഷം പുതുക്കാം. എന്നാല്‍, ഓണര്‍ ഡ്രൈവര്‍ പോളിസി പുതുക്കണമെന്നത് നിര്‍ബന്ധമാണ്.
ഓണര്‍ ഡ്രൈവര്‍ കവറേജ്
ആര്‍.സി. ബുക്കില്‍ പേരുള്ള ആള്‍ അതേ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ചാല്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് സംരക്ഷണം. ആര്‍.സി. ബുക്കിലും ഇന്‍ഷുറന്‍സ് പോളിസിയിലും ഒരേ പേരു തന്നെയാണെങ്കിലാണ് ഇത് ലഭിക്കുക. ഉടമ വാഹനം ഓടിക്കണമെന്ന് നിര്‍ബന്ധമില്ല.
അതേ വാഹനത്തില്‍ യാത്രചെയ്യുമ്പോഴാണ് അപകടമെങ്കിലും അവകാശികള്‍ക്ക് നഷ്ടപരിഹാരം കിട്ടും. പക്ഷേ, ആളിന് ആ വാഹനം ഓടിക്കാനുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. നേരത്തേ ഇരുചക്ര വാഹനങ്ങള്‍ക്ക് ഒരുലക്ഷം രൂപയും മറ്റ് വാഹനങ്ങള്‍ക്ക് രണ്ടുലക്ഷവുമായിരുന്നു ഈ ഇനത്തിലെ കവറേജ്.