കോവിഡ് പരിഗണിച്ച് രേഖകള്‍ പുതുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ നല്‍കിയ സാവകാശം മോട്ടോര്‍വാഹന വകുപ്പിന്റെ സോഫ്റ്റ്വേറില്‍ ഉള്‍ക്കൊള്ളിക്കാത്തതിനാല്‍ ഒട്ടേറെപ്പേര്‍ക്ക് പിഴയൊടുക്കേണ്ടിവരുന്നു. ഡ്രൈവിങ് ലൈസന്‍സ്, വാഹന ഫിറ്റ്നസ് പുതുക്കല്‍ എന്നിവയ്ക്ക് സമര്‍പ്പിക്കുന്ന അപേക്ഷകളിലാണ് പിഴ ചുമത്തുന്നത്.

2020 മാര്‍ച്ചുമുതല്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിക്കുന്നുണ്ട്. 2021 ജൂണ്‍ 30 വരെ നല്‍കിയ ഇളവുകള്‍ 'വാഹന്‍-സാരഥി' സോഫ്റ്റ്വേറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള ഇളവുകള്‍ സോഫ്റ്റ്വേറില്‍ ഇല്ല. ജൂലായ്മുതല്‍ കാലാവധി തീര്‍ന്നവയ്ക്കെല്ലാം പിഴ അടയ്‌ക്കേണ്ട അവസ്ഥയാണ്. 

കേന്ദ്ര ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരും ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കുകയും സോഫ്റ്റ്വേറിന്റെ പരിപാലന ചുമതലയുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററിന് (എന്‍.ഐ.സി.)കത്ത് നല്‍കുകയും വേണം. ഇത്തവണ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റില്‍നിന്നു നല്‍കിയ കത്തില്‍ എന്‍.ഐ.സി. ഇതുവരെ നടപടി എടുത്തിട്ടില്ല.

മാര്‍ച്ചുമുതലുള്ള റോഡ് നികുതി അടയ്ക്കാന്‍ സാവകാശം അനുവദിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും നടപ്പായിട്ടില്ല. പൊതുതിരഞ്ഞെടുപ്പ് പരിഗണിച്ച് മേയ് 31-വരെ നികുതി അടയ്ക്കാന്‍ സമയം നല്‍കിയിരുന്നു. ലോക്ഡൗണ്‍ കാലയളവില്‍ ക്ഷേമനിധി കുടിശ്ശിക വരുത്തിയവര്‍ക്കും ഇളവ് അനുവദിച്ച് ഉത്തരവ് ഇറങ്ങിയിട്ടില്ല.

Content Highlights: Vehicle Documents, MVD Kerala, Vahan Sarathi