വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് മോട്ടോര്‍വാഹനവകുപ്പ് ഏര്‍പ്പെടുത്താന്‍ പോകുന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ സുരക്ഷാവീഴ്ചകളേറെ. ആധാര്‍ ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങളില്ലെങ്കില്‍ ക്രമക്കേടിന് സാധ്യതയുണ്ട്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൈവശമുള്ള ആര്‍ക്കും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനം.

ഉടമയുടെ രജിസ്ട്രേഡ് മൊബൈല്‍ഫോണിലേക്ക് പോകുന്ന സന്ദേശംമാത്രമാണ് ഏക സുരക്ഷാ കടമ്പ. എന്നാല്‍, രജിസ്ട്രേഷന്‍ വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ വാഹന്‍ വെബ്സൈറ്റില്‍ക്കയറി ആര്‍ക്കും മൊബൈല്‍ നമ്പര്‍ മാറ്റാനാകും. ഇക്കാര്യം അറിയിച്ചുകൊണ്ട് ഉടമയ്ക്ക് സന്ദേശം ലഭിക്കാറില്ല. 

80 ശതമാനത്തോളം സ്വകാര്യവാഹന ഉടമകളും മൊബൈല്‍ നമ്പര്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്നതാണ് മറ്റൊരു ന്യൂനത. അതിനാല്‍ മൊബൈല്‍ നമ്പര്‍ രജിസ്ട്രേഷന്‍ നിയന്ത്രിക്കാനും കഴിയുന്നില്ല. ടാക്‌സിവാഹന ഉടമകള്‍ സ്വന്തം നമ്പരിനുപകരം ഇടനിലക്കാരുടെ മൊബൈല്‍ നമ്പര്‍ നല്‍കാറുണ്ട്. ഒരു ഫോണ്‍ നമ്പര്‍ തന്നെ ഒട്ടേറെ വാഹനങ്ങളുടെ വിവരങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനാകും.

ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയശേഷം അസല്‍ രേഖകളും അപേക്ഷയുടെ പകര്‍പ്പും ഓഫീസില്‍ എത്തിക്കുന്നതാണ് നിലവിലെ രീതി. സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയശേഷം പുതിയരേഖകള്‍ തപാലില്‍ അയച്ച് നല്‍കും. ഓഫീസില്‍ രേഖകള്‍ എത്തിക്കണമെന്ന വ്യവസ്ഥ, വാഹനഉടമകളെ ചൂഷണം ചെയ്യാനുള്ള വഴിയായി ചില ഉദ്യോഗസ്ഥരും ഇടനിലക്കാരും മാറ്റിയതിനെ തുടര്‍ന്നാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. 

പകരം ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച് പുതിയ രേഖകള്‍ തപാലില്‍ അയച്ച് നല്‍കാനാണ് തീരുമാനം. പഴയ ആര്‍.സി. പുതിയ ഉടമ വാങ്ങി സൂക്ഷിക്കണം. വാഹന രജിസ്ട്രേഷന്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിച്ചാല്‍ ഈ ക്രമക്കേട് തടയാന്‍ കഴിയും. ആധാറിലെ ഫോണ്‍ നമ്പരാകും വാഹനരജിസ്ട്രേഷന്‍ രേഖകളിലേക്കും വരുക. ഒരു വ്യക്തിയുടെ ആധാറിലെ മൊബൈല്‍ നമ്പര്‍ അയാള്‍ നേരിട്ടെത്താതെ മാറ്റാന്‍ സാധിക്കില്ല.

Content Highlights: vehicle Documents Linked With Aadhar Car, Vehicle Ownership