താലൂക്കടിസ്ഥാനത്തിലേക്ക് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റിന്റെ പരിശോധന വ്യാപിപ്പിച്ചതോടെ പാലക്കാട് ജില്ലയില്‍ അപകടനിരക്കില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് പുറമേ കോവിഡ് മൂലമുണ്ടായിരുന്ന നിയന്ത്രണങ്ങളും അപകടങ്ങള്‍ കുറയ്ക്കുന്നതിന് സഹായകമായി.

മണ്ണാര്‍ക്കാടൊഴികെയുള്ള എല്ലാ താലൂക്കിലും മരണ-അപകട നിരക്കുകള്‍ കുറയ്ക്കാനുമായിട്ടുണ്ട്. മണ്ണാര്‍ക്കാട്ട് 2019 ല്‍ 183 അപകടത്തിലായി 24 പേര്‍ മരിച്ചപ്പോള്‍ 2021 ല്‍ 194 അപകടം നടക്കുകയും 27 പേര്‍ മരിക്കയും ചെയ്‌തെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ കണക്ക്.

താലൂക്ക് തലങ്ങളിലേക്ക് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതും ഒപ്പം അപകടങ്ങള്‍കൂടുതലുള്ള റോഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയതുമാണ് റോഡില്‍ കുറേയേറെ ജീവന്‍ നഷ്ടപ്പെടാതിരക്കാന്‍ സഹായിച്ചത്. ജില്ലയില്‍നടക്കുന്ന അപകടങ്ങളുടെ 25 ശതമാനവും സംഭവിക്കുന്ന പാലക്കാട് കുളപ്പുള്ളിപാതയില്‍ ദ്രുതകര്‍മസംഘത്തെ രൂപവത്കരിച്ചാണ് മോട്ടോര്‍വാഹനവകുപ്പിന്റെ പ്രവര്‍ത്തനം.

അപകടം കൂടുന്നത് മൂന്നിനും രാത്രി ഒമ്പതിനും ഇടയില്‍

ജില്ലയില്‍ ഒക്ടോബറില്‍ നടന്ന അപകടങ്ങളില്‍ മരണം സംഭവിച്ചതില്‍ 43 ശതമാനവും നടന്നത് വൈകീട്ട് മൂന്നുമണിക്കും രാത്രി ഒമ്പതുമണിക്കുമിടയിലാണ്. 36 അപകടങ്ങളില്‍ നിന്നായി ആറുപേരാണ് മരിച്ചത്. രാവിലെ ഒമ്പതുമണിക്കും 12 മണിക്കും ഇടയിലുള്ള സമയത്ത് 37 അപകടങ്ങള്‍ നടക്കുകയും നാലുപേര്‍ മരിക്കയും ചെയ്തു. ഒക്ടോബറില്‍ 166 അപകടങ്ങളില്‍നിന്നായി 23 പേരാണ് മരിച്ചത്.

പിഴ 80.74 ലക്ഷം രൂപ

മൂന്നുമാസത്തിനിടെ വിവിധ ഗതാഗതനിയമ ലംഘനങ്ങള്‍ക്കായി 80.74 ലക്ഷം രൂപയാണ് പിഴയായി എന്‍ഫോഴ്സ്മെന്റ് വിഭാഗം ഈടാക്കിയത്. ഏറ്റവുംകൂടുതല്‍ പിഴയീടാക്കിയത് ഒക്ടോബറിലാണ് -30.13 ലക്ഷം രൂപ. സെപ്റ്റംബറില്‍ 23.32 ലക്ഷവും ഓഗസ്റ്റില്‍ 27.29 ലക്ഷവും പിഴയീടാക്കി.

പരിശോധനകളുടെ ഫലം

ഓരോമാസവും അപകടങ്ങള്‍ എവിടെയാണ് കൂടുതലെന്നും ഏത് പാതയിലാണ് കൂടുതലെന്നും കണക്കെടുക്കാറുണ്ട്. അതനുസരിച്ചാണ് പരിശോധന നടത്തുന്നത്. അപകടങ്ങള്‍ കുറയ്ക്കാനുമായി.

-എം.കെ. ജയേഷ് കുമാര്‍, ആര്‍.ടി.ഒ., മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്.

Content Highlights: Strict vehicle checking by Motor Vehicle Department; Accident rate decreased