സ്വകാര്യ-കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ കിടപ്പറയൊരുക്കി കാരവാനുകള്‍ നിര്‍മിക്കുന്നത് നിയമവിരുദ്ധം. മോട്ടോര്‍വാഹന നിയമപ്രകാരം അംഗീകൃത സ്ഥാപനങ്ങള്‍ക്കു മാത്രമാണ് കാരവാന്‍ നിര്‍മിക്കാന്‍ അനുമതിയുള്ളത്. നിര്‍മാണഘടകങ്ങളുടെ നിലവാരം, അനുവദനീയമായ ഘടകങ്ങള്‍, അളവുകള്‍ എന്നിവ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് (എ.ഐ.എസ്. 124) പ്രകാരം നിശ്ചയിച്ചിട്ടുണ്ട്. 2018 ഏപ്രില്‍ ഒന്നിനുശേഷം നിര്‍മിക്കുന്ന കാരവാനുകള്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കണം.

അഗ്‌നിശമന ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇവയില്‍ നിര്‍ബന്ധമാണ്. അടുക്കള, ജനറേറ്റര്‍ എന്നിവയില്‍നിന്നു തീപടരുന്നത് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളും വേണം. കണ്ണൂരില്‍ മോട്ടോര്‍വാഹനവകുപ്പ് പിടികൂടിയ യുട്യൂബ് ബ്ലോഗര്‍മാരുടെ ഇ-ബുള്‍ജെറ്റ് വാന്‍ ഈ ക്രമീകരണങ്ങളൊന്നും പാലിച്ചിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. 

സുരക്ഷ കണക്കിലെടുത്താണ് കാരവാനുകളുടെ നിര്‍മാണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. കാരവാനുകളാക്കി മാറ്റുമ്പോള്‍ വാഹനത്തിന്റെ ഭാരഘടനയില്‍ മാറ്റമുണ്ടാകും. ഇതിനനുസരിച്ച് സസ്‌പെന്‍ഷനില്‍ ഉള്‍പ്പെടെ മാറ്റംവരുത്തിയില്ലെങ്കില്‍ അപകടസാധ്യതയുണ്ട്. മൂന്ന് അളവുകളിലെ കാരവാനുകള്‍ക്കാണ് അനുമതിയുള്ളത്. 

അംഗീകാരമുള്ള ഫാക്ടറികള്‍ നിര്‍മിക്കുന്ന കാരവാനുകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ലാബുകളില്‍ പരിശോധന നടത്തിയശേഷമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് അനുമതി നല്‍കുന്നത്. അംഗീകാരം ലഭിച്ച മോഡലില്‍ മാറ്റംവരുത്താനുള്ള അവകാശം നിര്‍മാണ കമ്പനികള്‍ക്കുമില്ല.

മറ്റു വാഹനങ്ങളില്‍നിന്നു വ്യത്യസ്തമായി കാരവാനുകളുടെ തറവിസ്തീര്‍ണം അടിസ്ഥാനമാക്കിയാണ് നികുതി ഈടാക്കുന്നത്. സ്വകാര്യ-കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളില്‍ സീറ്റുകള്‍ ഇളക്കിമാറ്റുന്നതും അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. സ്വകാര്യവാഹനങ്ങളുടെ നിറം മാറ്റാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍, യുട്യൂബ് ചാനലിന്റെ പേര് പതിക്കുന്നത് പരസ്യമായി കണക്കാക്കും. ഇതിന് പരസ്യനികുതി ചുമത്താം.

Content Highlights: Van Life Vehicle, Regulations For Caravan, E Bulljet