'വാഹന്‍- സാരഥി' സോഫ്റ്റ്വേറിലേക്ക് സംസ്ഥാനത്തെ വാഹന രജിസ്ട്രേഷന്റെയും ഡ്രൈവിങ് ലൈസുകളുടെയും വിശദാംശങ്ങള്‍ മാറിയെങ്കിലും കുറച്ചുപേര്‍ക്കെങ്കിലും സേവനങ്ങള്‍ തടസ്സപ്പെടുന്നത് രേഖകളിലുള്ള ഇരട്ടിപ്പ് കാരണമാണന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. 

ഒരോ ഓഫീസിലും പ്രത്യേകം വിവരങ്ങള്‍ സൂക്ഷിച്ചിരുന്നതിനാല്‍ ഒന്നിലധികം ഓഫീസുകളില്‍നിന്നും ഇവരുടെ ലൈസന്‍സ് വിവരങ്ങള്‍ 'സാരഥി'യിലേക്ക് എത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഇരുചക്രവാഹനത്തിന്റെ ലൈസന്‍സ് ഒരു ഓഫീസില്‍ നിന്നും കാറിന്റെ ലൈസന്‍സ് മറ്റൊരു ഓഫീസില്‍നിന്നും എടുത്തിട്ടുണ്ടെങ്കില്‍ 'സാരഥി' സോഫ്റ്റ്വേറിലേക്ക് ഇരു ഓഫീസുകളില്‍ നിന്നുള്ള ഡേറ്റയും എത്തും. 

പേര്, ജനനതീയതി, വിലാസം എന്നിവ ഒന്നായതിനാല്‍ ഇവ ഇരട്ടിപ്പാണെന്ന് കണക്കാക്കി സോഫ്റ്റ്വേര്‍ തടഞ്ഞുവെക്കാം. 'സാരഥി'യില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമായില്ലെങ്കിലും ലൈസന്‍സിന്റെ സാധുത നഷ്ടമാകില്ല. 

ഇത്തരം സാഹചര്യത്തില്‍ ലൈസന്‍സ് വിതരണം ചെയ്തിട്ടുള്ള മോട്ടോര്‍വാഹന ഓഫീസിലേക്ക് ഡ്രൈവിങ് ലൈസന്‍സിന്റെ പകര്‍പ്പ് സഹിതം വിശദാംശങ്ങള്‍ വ്യക്തമാക്കി ഇ-മെയില്‍ ചെയ്താല്‍ രേഖകള്‍ പരിശോധിച്ച് ഉദ്യോഗസ്ഥര്‍ പരിഹാരം കാണും.

'സാരഥി' സംവിധാനത്തിലേക്ക് മാറിയപ്പോള്‍ ലൈസന്‍സ് നമ്പറിലും മാറ്റം വന്നിട്ടുണ്ട്. പഴയ നമ്പര്‍ പുതിയ സംവിധാനത്തിലേക്ക് മാറ്റണം. കെ.എല്‍., ഓഫീസ് കോഡ്, വിതരണം ചെയ്തവര്‍ഷം, ലൈസന്‍സ് നമ്പര്‍ എന്നതാണ് 'സാരഥി'യുടെ ശൈലി. ഇതിന്റെ ഘടന വൈബ്സൈറ്റില്‍ ലഭ്യമാണ്. 

അതേസമയം പുസ്തകരൂപത്തിലൂള്ള ഡ്രൈവിങ് ലൈസന്‍സുകളുടെ വിവരങ്ങള്‍ പൂര്‍ണമായും 'സാരഥി'യിലേക്ക് മാറ്റാന്‍ കഴിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുസ്തകരൂപത്തിലുള്ള ആര്‍.സികളുടെ വിവരങ്ങള്‍ 'വാഹനി'ല്‍ ലഭ്യമല്ലെങ്കില്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

Content Highlights: Vahan Sarathi Software, Vehicle Documents, Driving License