തിരുവനന്തപുരം: രാജ്യവ്യാപകമായ ഓണ്‍ലൈന്‍ ശൃംഖലയിലേക്ക് സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് വിതരണ സംവിധാനം മാറ്റുന്നതിനുള്ള പരീക്ഷണ ഉപയോഗം ആരംഭിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃതവിഭാഗം ഓഫീസിലാണ് പുതിയ സോഫ്റ്റ്വെയര് പരീക്ഷിക്കുന്നത്. കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് വാഹന്‍-സാരഥി എന്ന പുതിയ കംപ്യൂട്ടര്‍ ശൃംഖലയിലേക്ക് മാറുന്നത്. ഒരു മാസത്തിനു ശേഷം സംസ്ഥാനത്തെ മറ്റു ഓഫീസുകളിലേക്കും വ്യാപിപ്പിക്കും.
വെബ് അധിഷ്ഠിതമായ കംപ്യൂട്ടര്‍ ശൃംഖലയാണ് നിലവില്‍ വരുന്നത്. ഈ സംവിധാനത്തിലൂടെ നല്കുന്ന ലൈസന്‍സുകള്‍ രാജ്യത്തെ മറ്റെല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകള്‍ക്കും ലഭ്യമാകും. ഏത് ഓഫീസില്‍ നിന്നുവേണമെങ്കിലും ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാനും പുതുക്കാനും കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും കഴിയും. ആധാര്‍ പോലെ വെബ്സൈറ്റില്‍ ലൈസന്‍സിന്റെ പകര്‍പ്പ് ലഭിക്കും. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഉപയോഗിക്കാം. ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് കേന്ദ്രീകൃത നമ്പര്‍ സംവിധാനവും ഉണ്ടാകും.
ഇപ്പോള്‍ ഒരോ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രത്യേക നെറ്റ്വര്‍ക്ക് സംവിധാനമാണുള്ളത്. ഒരു സ്ഥലത്തെ രേഖകള്‍ മറ്റു നെറ്റ്വര്ക്കുകളില് ലഭ്യമല്ല. ലൈസന്‍സ് മറ്റൊരിടത്തേയ്ക്ക് മാറ്റണമെങ്കില്‍ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ വേണം. ഇതിന് പ്രത്യേകം അപേക്ഷ നല്‍കണം. വ്യാജ ലൈസന്‍സുകള്‍ കണ്ടെത്താനും ബുദ്ധിമുട്ടാണ്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും തടസ്സങ്ങളേറെ. ഓണ്‍ലൈനില്‍ ഫീസ് അടച്ചാലും ഓഫീസിലെത്തി ഫീസിന്റെ വിശദാംശങ്ങള്‍ നെറ്റ്വര്‍ക്കിലേക്ക് ഉള്‍ക്കൊള്ളിക്കേണ്ടിയിരുന്നു. വെബ് സംവിധാനത്തില്‍ ഫീസ് അടയ്ക്കുമ്പോള്‍ ഇ-ട്രാന്‍സ്ഫറിലൂടെ പണം മോട്ടോര്‍വാഹവകുപ്പിന്റെ അക്കൗണ്ടിലെത്തും.