മോട്ടോര്‍ വാഹന വകുപ്പില്‍ 'വാഹന്‍' സോഫ്‌റ്റ്വേര്‍ അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് വാഹന്‍ സാരഥി സോഫ്റ്റ്വേര്‍ പൂര്‍ണമായി നടപ്പാക്കാന്‍ നടപടി തുടങ്ങി. തിരുവനന്തപുരം ജില്ലയിലാണ് ആദ്യമായി പദ്ധതി നടപ്പാക്കുക.

വകുപ്പിലെ അഴിമതി അവസാനിപ്പിക്കാന്‍ സഹായകമായ സോഫ്റ്റ്വേറിലെ 'വാഹന്‍' ഒഴിവാക്കാന്‍ തുടക്കംമുതലേ ഒരുവിഭാഗം ശ്രമം നടത്തിയിരുന്നു. കേരളത്തിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഇത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു വാദം. പകരം 'സൗകര്യപ്രദമായ' മറ്റൊരു സോഫ്റ്റ്വേര്‍ കൊണ്ടുവരാനും ശ്രമം നടത്തി. 

സാരഥി മാത്രം നടപ്പാക്കാനായിരുന്നു ശ്രമം. വകുപ്പില്‍ത്തന്നെ ഇതില്‍ പ്രതിഷേധമുയര്‍ന്നു. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിതന്നെ ഇടപെട്ടാണ് പദ്ധതി നടപ്പാക്കാന്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയത്.

വാഹന രജിസ്‌ട്രേഷന്‍ സേവനങ്ങളും (വാഹന്‍) ഡ്രൈവിങ് ലൈസന്‍സ് ഇടപാടുകളും (സാരഥി) ഏകോപിപ്പിച്ച് രാജ്യത്താകെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതാണ് വാഹന്‍ സാരഥി. വാഹന ഇടപാട് രംഗത്തും ലൈസന്‍സിങ് സംവിധാനത്തിലും അഴിമതി തടയുകയും സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. 

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിനു പുറമേ മധ്യപ്രദേശും തെലങ്കാനയും ഒഴികെയുള്ള സംസ്ഥാനങ്ങള്‍ വാഹന്‍ സാരഥി സോഫ്റ്റ്വേറിലേക്ക് മാറിക്കഴിഞ്ഞു. കേരളത്തില്‍ ഇരുപതോളം ആര്‍.ടി.ഓഫീസുകളില്‍ സാരഥി മാത്രം നടപ്പാക്കി.

വാഹന്‍ സാരഥി പൂര്‍ണമായി നടപ്പായാല്‍ ആര്‍.ടി.ഓഫീസുകളിലെ നടപടികളില്‍ ഏജന്റുമാരെ അകറ്റിനിര്‍ത്താനാകും. ആളുകള്‍ക്ക് ഓണ്‍ലൈനില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനും അപേക്ഷയുടെ സ്ഥിതി അറിയാനും സാധിക്കും. 

പെര്‍മിറ്റ്, ആര്‍.സി.ബുക്ക് കൈമാറ്റം ചെയ്യുക, ഹൈപ്പോത്തിക്കേഷന്‍ മാറ്റുക, രജിസ്ട്രേഷന്‍ പുതുക്കുക തുടങ്ങിയ ജോലികളെല്ലാം ഓണ്‍ലൈനില്‍ ചെയ്യാം. ഇപ്പോള്‍ ഓണ്‍ലൈനില്‍ പണമടച്ചാലും ഒറിജിനല്‍ രേഖകളുമായി ആര്‍.ടി.ഓഫീസുകളില്‍ പോകേണ്ടിവരും. ഇത് ഒഴിവാകും. രേഖകളെല്ലാം സ്വന്തം കംപ്യൂട്ടറില്‍ത്തന്നെ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

നിശ്ചിത സമയപരിധിയില്‍ ഏല്‍പ്പിക്കപ്പെട്ട ജോലി ചെയ്യാന്‍ ഉദ്യാഗസ്ഥരും നിര്‍ബന്ധിതരാകും. തിരുവനന്തപുരം ആര്‍.ടി.ഓഫീസ് 27-ന് പുതിയ കെട്ടിടത്തിലേക്കു മാറുന്നതോടെ വാഹനും നടപ്പാകും. തിരുവനന്തപുരത്തെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച പരിശീലനം നല്‍കിവരികയാണ്.

സവിശേഷതകള്‍

  • ഉടമസ്ഥന്‍ അറിയാതെ വാഹനം വില്‍ക്കാന്‍ കഴിയില്ല.
  • ഇന്‍ഷുറന്‍സ് തട്ടിപ്പ് നടക്കില്ല
  • സര്‍ക്കാരിലേക്ക് കുടിശ്ശികയുണ്ടെങ്കില്‍ വാഹനം കരിമ്പട്ടികയിലാകും. ഇതിന് ഭാവിയില്‍ സേവനങ്ങളെല്ലാം തടയും.

Content Highlights: Vahan Project Implementing In Motor Vehicle Department