ജോജു ജോർജും ഓഫ് റോഡിന് ഇറങ്ങിയ വാഹനവും | Photo: Youtube/OFF ROAD masters
വാഗണ്ണിലെ ഓഫ്റോഡ് ഡ്രൈവ് കേസില്‍ നടന് ജോജു ജോര്‍ജ് ഉള്‍പ്പെടെ മത്സരത്തില്‍ പങ്കെടുത്ത 17 പേര്‍ക്ക് വാഗമണ്‍ പോലീസ് നോട്ടീസ് അയച്ചു. ഓഫ്റോഡ് ഡ്രൈവില്‍ ഉപയോഗിച്ച വാഹനങ്ങളും അതിന്റെ രേഖകളുമായി 15 ദിവസത്തിനുള്ളില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് പോലീസ് ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുള്ള നോട്ടീസിന് പുറമെയാണ് പോലീസ് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് പോലീസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്.യു. നല്കിയ പരാതിയില്‍ തന്നെയാണ് ഈ നടപടി. മോട്ടോര്‍ വാഹന വകുപ്പിനും വാഗമണ്‍ പോലീസിലുമാണ് കെ.എസ്.യു. ഇക്കാര്യത്തില്‍ പരാതി നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ജോജുവിനോട് ലൈസന്‍സുമായി ഹാജരാകാന്‍ ആവശ്യപ്പെട്ട് മുന്‍പ് തന്നെ നോട്ടീസ് അയച്ചിരുന്നു. മെയ് പത്തിനാണ് എം.വി.ഡി. നോട്ടീസ് അയച്ചത്.
പരാതി ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മത്സരത്തില്‍ പങ്കെടുത്തവരോട് നേരിട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നാല് പേരാണ് അന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയത്. മത്സരത്തിന് പിന്നാലെ പലരുടെയും വാഹനങ്ങള്‍ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി വര്‍ക്ക്ഷോപ്പുകളിലും മറ്റുമായിരുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികളുടെ ഭാഗമായാണ് കഴിഞ്ഞ തിങ്കളാഴ്ച ജോജു ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് നോട്ടീസ് അയച്ചത്.
വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ്റോഡ് ഡ്രൈവില്‍ നടന് ജോജു ജോര്‍ജ് വാഹനം ഓടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ഇടുക്കി ജില്ലാ പ്രസിഡന്റ് മോട്ടോര്‍ വാഹന വകുപ്പിലും പോലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജോജു, സ്ഥലം ഉടമ, സംഘാടകര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കുകയും നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസിനുമേല്‍ കഴിഞ്ഞ ചൊവ്വാഴ്ച ജോജു ജോര്‍ജ് ഇടുത്തി ആര്.ടി.ഒയ്ക്ക് മുന്നില്‍ ഹാജരായിരുന്നു. രഹസ്യമായാണ് അദ്ദേഹം ആര്.ടി.ഒയ്ക്ക് മുന്നില്‍ ഹാജരായത്. ജോജുവിന്റെ മൊഴി ആര്.ടി.ഒ. രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. മെയ് പത്തിനാണ് ആര്.ടി.ഒയ്ക്ക് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ജോജുവിന് നോട്ടീസ് നല്‍കിയത്.
ഇടുക്കി ജില്ലയില്‍ ഓഫ് റോഡ് മത്സരത്തിനിടെ തുടര്‍ച്ചായി അപകടങ്ങളുണ്ടാവുന്നതിനാല്‍ ഇത്തരം വിനോദങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ജില്ലയില്‍ ഓഫ് റോഡ് റേസ് നടത്താന്‍ പാടുള്ളൂ. ഇത് ലംഘിച്ചതിനാണ് നടനും സംഘാടകര്ക്കുമേതിരേ എം.വി.ഡി. കേസെടുത്തത്. ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മറികടന്നുകൊണ്ടാണ് ഓഫ് റോഡ് റേസ് നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആര്.ടി.ഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
വാഗമണ്‍ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനില്‍ മെയ് എട്ടിനാണ് ഓഫ്റോഡ് ഡ്രൈവ് നടത്തിയത്. കൃഷിക്കു മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയില്‍ കൈവശം നല്കിയ ഭൂമിയില്‍ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്നതാണ് ഇപ്പോഴത്തെ നിയമപ്രശ്നങ്ങള്‍ക്ക് കാരണം. പ്ലാന്റേഷന് ലാന്‍ഡ് ചട്ടങ്ങള്‍ക്ക് മായിട്ടാണ് റേസ് എന്ന് കെ.എസ്.യു നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനൊപ്പം സുരക്ഷ നടപടികള്‍ പാലിച്ചിരുന്നില്ലെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..