വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്ന നിര്‍ദേശത്തില്‍ വ്യക്തത വരുത്തി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. വാഹനമോടിക്കുമ്പോള്‍ ബ്ലുടൂത്ത് ഉപയോഗിച്ച് ഫോണ്‍ വിളിക്കുന്നത് കുറ്റകരമാണെന്ന് അദ്ദേഹം ഉറപ്പാക്കി. സംസ്ഥാന പോലീസ് മേധാവിയായി അധികാരമേറ്റ അനില്‍കാന്ത് വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുള്ളത്. 

വണ്ടിയോടിക്കുമ്പോള്‍ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. 'ഹാന്‍ഡി ഫ്രീ' ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും വാഹനം നിര്‍ത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാന്‍ മാത്രമാണ് അനുവാദമുള്ളതെന്നുമായിരുന്നു വകുപ്പിന്റെ വിശദീകരണം. സംശയം തോന്നിയാല്‍, ഫോണ്‍ പരിശോധിക്കുമെന്നും അറിയിച്ചിരുന്നു.

ഫോണ്‍ കൈയില്‍പ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ബ്ലുടൂത്ത് ഉപയോഗിച്ച് സംസാരിക്കുന്നതിനും നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫോണ്‍വിളികളില്‍മാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് ഉപയോഗം ലോക്ഡൗണ്‍ കാലമായതോടെ ഗൂഗിള്‍ മീറ്റ്, സൂം മീറ്റിങ് തുടങ്ങിയവയിലേക്കും മാറിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഏതുവിധത്തിലായാലും അപകടകാരണമാണെന്നുമാണ് മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്.

അതേസമയം, വാഹനമോടിക്കുമ്പോള്‍ ബ്ലൂടൂത്ത് ഉപയോഗിച്ച് സംസാരിച്ചാലും ലൈസന്‍സ് റദ്ദാക്കാമെന്ന പോലീസിന്റെ നിര്‍ദേശം നടപ്പാക്കുക എളുപ്പമല്ലെന്നും ചില വിലയിരുത്തലുകള്‍ ഉയര്‍ന്ന് വന്നിരുന്നു.  നിയമപ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വിലയിരുത്തലുകള്‍. മോട്ടോര്‍വാഹന നിയമത്തിലെ സെക്ഷന്‍ 184-ലാണ് അപകടകരമായ ഡ്രൈവിങ്ങിനെ നിര്‍വചിക്കുന്നത്. പഴയ നിയമത്തില്‍ 'കൈകൊണ്ടുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം' എന്നുതന്നെ പറഞ്ഞിരുന്നു. 2019-ലെ ഭേദഗതിപ്രകാരം അത് 'കൈകൊണ്ട് ഉപയോഗിക്കുന്ന ആശയവിനിമയ ഉപാധികള്‍' എന്നു മാറ്റി.

Content Highlights: Using Hands Free/Bluetooth Devices While Driving Is Offence Says Anilkanth