ടാക്‌സി കാറുകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കുന്നവര്‍ക്കെതിരേ പരിശോധന ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതി സ്വകാര്യ വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്രകള്‍ നടത്തി വിവാദമായ സാഹചര്യത്തിലാണ് അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിക്കൊരുങ്ങുന്നത്. 

അടുത്ത ദിവസം മുതല്‍ പരിശോധന തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു. കൂടാതെ, വകുപ്പിന്റെ പേരോ മറ്റുവിവരങ്ങളോ ഒന്നുമില്ലാതെ 'കേരള സര്‍ക്കാര്‍' എന്നു മാത്രം ബോര്‍ഡ് വയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വീകരിക്കും. 

ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സിവില്‍ സ്റ്റേഷനിലെ സര്‍ക്കാര്‍ വാഹനങ്ങളിലാണ് പരിശോധന നടത്തുക. വകുപ്പിന്റെ പേരടങ്ങിയ ബോര്‍ഡാണ് ഇത്തരം വാഹനത്തില്‍ ഘടിപ്പിക്കേണ്ടത്. അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നീലയില്‍ കറുത്ത ലിപിയിലുള്ള വിവരണമാണ് പ്രദര്‍ശിപ്പിക്കേണ്ടത്. 

അനധികൃതമായി സര്‍ക്കാര്‍ ബോര്‍ഡ് വയ്ക്കുന്ന വാഹനങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ജി. ബിജു ആര്‍.ടി.ഒ.യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Using Government Boards In Private Cars Will Be Punishable