കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രളയത്തിനും ദുരന്തങ്ങള്‍ക്കുമാണ് ചില ദിവസങ്ങളായി നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി നാടും നഗരവും ഒരുമിക്കുന്ന ഈ സാഹചര്യത്തില്‍ ഫോര്‍ വീല്‍ ജീപ്പ് ഉടമകള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗഭാക്കാകാം.

വയനാട് പോലുള്ള സ്ഥലങ്ങളിലെ ഉയര്‍ന്ന പ്രദേശത്ത് കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനും ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സാമഗ്രികള്‍ എത്തിക്കുന്നതിനും നിങ്ങളുടെ ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ഉപയോഗപ്പെട്ടേക്കാം. 

കോഴിക്കോട് നിന്നും മറ്റ് നഗരങ്ങളില്‍ നിന്നും വലിയ വാഹനങ്ങളില്‍ വയനാട്ടിലേക്ക് എത്തിക്കുന്ന സാധനങ്ങള്‍ അവിടെ നിന്ന് ഗ്രാമങ്ങളിലെത്തിക്കാനായി കംപാഷനേറ്റ് കോഴിക്കോട് ടീം വയനാട്ടിലേക്ക് ഫോര്‍ വീല്‍ ഡ്രൈവ് വാഹനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ആ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ ജില്ല കളക്ടറുമായി ബന്ധപ്പെടുക. 

നിങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിച്ച് ചെയ്യാനാവുന്ന മഹത്തായ സേവനത്തിന്റെ സമയമാണിത്. എല്ലാ ജില്ലകളിലെയും വാഹന ഉടമകള്‍ അതാതിടങ്ങളില്‍ ഇതുപോലെ രംഗത്തിറങ്ങിയാല്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് ഒരുപരിധി വരെ ആശ്വാസമാകും.