രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുക്കി ഒന്നര വര്‍ഷത്തിനുള്ളില്‍ നാലു പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇതുവഴി രണ്ടക്ക വളര്‍ച്ച നിലനിര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

നടപ്പുസാമ്പത്തിക വര്‍ഷം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 15.5 ശതമാനം വളര്‍ച്ചയോടെ 12.26 ലക്ഷം കാറുകളാണ് മാരുതി ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കും. ഇതിന്റെ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) പതിപ്പും ലഭ്യമാകും. 

സിയാസ്, എര്‍ട്ടിഗ എന്നിവയുടെ പുതുതലമുറ മോഡലുകളും വരും മാസങ്ങളില്‍ വിപണിയിലെത്തും. വാഗണ്‍ ആറിന്റെ പുതിയ പതിപ്പും ഉടന്‍ പുറത്തിറങ്ങാനുണ്ട്. 

പുതിയ സ്വിഫ്റ്റ് എത്തുന്നതോടെ വില്‍പ്പന വര്‍ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുക്കി ഇന്ത്യന്‍ സീനിയര്‍ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ആര്‍.എസ്.കല്‍സി പറഞ്ഞു.