ലസ്ഥാന നഗരിയില്‍ ഓട്ടോറിക്ഷകളില്‍ യാത്രക്കാരെ കാണാവുന്നതരത്തില്‍ ഘടിപ്പിച്ചിട്ടുള്ള കണ്ണാടികള്‍ ഒഴിവാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. പല ഓട്ടോറിക്ഷകളിലും അനാവശ്യമായി റിയര്‍വ്യൂ മിററുകള്‍ ഘടിപ്പിച്ചിട്ടുള്ളതാണ് പരാതിക്ക് ഇടയാക്കിയത്. ഡ്രൈവര്‍ ക്യാബിന് മുന്നില്‍ അകവശത്ത് ഘടിപ്പിച്ചുള്ള ഗ്ലാസുകള്‍ പിന്‍സീറ്റിലെ യാത്രക്കാര്‍ക്ക് നേരെയാണ്. ഇത് സ്ത്രീയാത്രക്കാര്‍ക്കുള്‍പ്പെടെ അസൗകര്യമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് പരാതി ലഭിച്ചത്.

പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നാല്‍പത് ഓട്ടോറിക്ഷകള്‍ പിടികൂടി. നിയമപ്രകാരം രണ്ട് റിയര്‍വ്യൂ ഗ്ലാസുകള്‍ മാത്രമാണ് ഓട്ടോറിക്ഷകളില്‍ അനുവദിച്ചിട്ടുള്ളത്. നാലും അഞ്ചും ഗ്ലാസുകള്‍ പിടിപ്പിച്ച ഓട്ടോറിക്ഷകള്‍ പരിശോധനയില്‍ പിടികൂടി. യാത്രക്കാര്‍ക്ക് അലോസരമുണ്ടാകുന്ന വിധത്തില്‍ പലവാഹനങ്ങളിലും റിയര്‍ ഗ്ലാസുകള്‍ ഘടിപ്പിച്ചതായും കണ്ടെത്തി. ഓട്ടോറിക്ഷകളിലെ അലങ്കാര ലൈറ്റുകള്‍ നീക്കം ചെയ്യാനും ആരംഭിച്ചിട്ടുണ്ട്. 

യാത്രക്കാരുടെ ക്യാബിനിലും ഓട്ടോറിക്ഷയ്ക്ക് പുറമെയും നിരവധി ലൈറ്റുകള്‍ ഘടിപ്പിക്കുന്നുണ്ട്. പുറമെ കൂര്‍ത്തമുനയുള്ള വീല്‍ക്കപ്പുകളും യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ട്. മുനയുള്ള സ്റ്റീല്‍ വീല്‍ക്കപ്പ് കൊണ്ട് കാല്‍നടയാത്രികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇത്തരം വീല്‍ക്കപ്പുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കേസെടുക്കുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു.