കോവിഡ് വ്യാപനംമൂലം വാഹനവ്യവസായമേഖലയിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങളും മേഖലയുടെ പുനരുദ്ധാരണവും ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച ഓട്ടോമൊബൈല്‍ വ്യവസായ മേഖലയിലെ പ്രമുഖരുമായി വീഡിയോകോണ്‍ഫറന്‍സ് നടത്തി. 

യോഗത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്കുനല്‍കുമെന്ന് ഘനവ്യവസായമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. മേഖലയുടെ പുനരുജ്ജീവനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ജീവിതമാര്‍ഗം ഉറപ്പാക്കല്‍, വിഭവസമാഹരണം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്തു. 

വാഹനവില്പനശൃംഖലകള്‍ വീണ്ടും തുറക്കുക, വില്പനയ്ക്ക് പിന്തുണ, തൊഴില്‍ അടിസ്ഥാനമാക്കിയുള്ള ഇടപെടല്‍, സാമ്പത്തികപിന്തുണ തുടങ്ങിയ ആവശ്യങ്ങള്‍ വാഹനനിര്‍മാതാക്കള്‍ ഉന്നയിച്ചു.

വ്യവസായമേഖല വീണ്ടും തുറക്കുമ്പോള്‍ ജോലിക്കുകയറുംമുമ്പ് തൊഴിലാളികളെ ബാച്ചുകളായി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുക, വാഹനങ്ങളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, വില്‍പ്പനകേന്ദ്രങ്ങളുടെ ശുചീകരണം, രണ്ടുതൊഴിലാളികള്‍ക്കിടയില്‍ ശാരീരികാകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ നിര്‍ദേശങ്ങളുണ്ടായി.

ധനകാര്യ, വാണിജ്യ, ഗതാഗത മന്ത്രാലയങ്ങളുമായി ഇവ ചര്‍ച്ചചെയ്യുമെന്ന് മന്ത്രി ജാവഡേക്കര്‍ പറഞ്ഞു.

Content Highlights: Union Minister Meet Auto Industry Heads To Discuss The Crisis