ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ഓടിക്കാന്‍ തീരുമാനിച്ചെങ്കിലും ഭൂരിഭാഗം സ്വകാര്യബസുകളും ഉടനെ നിരത്തിലിറങ്ങാനിടയില്ല. നിരക്കുവര്‍ധന നഷ്ടം നികത്താന്‍ പ്രാപ്തമല്ലെന്നും ബസുകള്‍ ഓടിക്കില്ലെന്നും ഒരുവിഭാഗം ബസുടമകളും സര്‍ക്കാരിനെ അറിയിച്ചു. 

ബസുകള്‍ ഓടിക്കാനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താനുമാണ് മറ്റൊരു വിഭാഗം തീരുമാനിച്ചിട്ടുള്ളത്. 12,000 സ്വകാര്യബസുകളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ പകുതിയും ജില്ലകടന്ന് ഓടുന്നവയാണ്. ജില്ലയ്ക്കുള്ളില്‍ മാത്രമാണ് ഓടാന്‍ അനുമതിയുള്ളത് എന്നതിനാല്‍ ഇവ നിരത്തിലിറങ്ങാനിടയില്ല. 

ഫിറ്റ്‌നസ് പരിശോധനയ്ക്ക് കാലാവധി നീട്ടിനല്‍കുക, ക്ഷേമനിധി അടയ്ക്കുന്നതില്‍ ഇളവ് നല്‍കുക, സംസ്ഥാനം ഡീസലിനുമേല്‍ ചുമത്തുന്ന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിക്കുന്നത്. അതേസമയം, നിലവിലെ സാഹചര്യം മനസ്സിലാക്കി ബസുടമകള്‍ സര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ആവശ്യപ്പെട്ടു.

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സീറ്റില്‍ ഒരു യാത്രക്കാരന്‍ എന്ന നിലയില്‍ യാത്ര ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതുകൊണ്ടുതന്നെ ബസിന്റെ മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 12 രൂപയാക്കി ഉയര്‍ത്തുകയും നികുതി ഒഴുവാക്കി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇവ നഷ്ടം നികത്തില്ലെന്നാണ് ബസുടമകളുടെ നിലപാട്.

Content Highlights: Uncertainty In private Bus Service; Bus Owners Not Satisfied With Fare and And Tax Relaxation