സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ബസ് സര്‍വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍. ഇക്കാര്യം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചു. ഭാഗിക സര്‍വീസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് ബസുടമകളുടെ വാദം. സര്‍ക്കാരുമായി ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമെന്നും അവര്‍ പറഞ്ഞു.

ബസ് ചാര്‍ജ് കൂട്ടണമെന്ന് ബസുടമകള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്. നിരക്ക് കൂട്ടാതെ മറ്റ് ഇളവുകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.

70 ശതമാനം സ്വകാര്യ ബസുടമകളും ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ജിഫോം അപേക്ഷ നല്‍കിയിട്ടുണ്ട്. 12,000ത്തോളം സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തിയിരുന്നത്. ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയിലുള്ള നിബന്ധനകള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. 

ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, വാഹനനികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights: Uncertainty In Private Bus Service After Lock down; 70 Percent Bus Submit G-Form