ഹെല്‍മെറ്റ് ധരിക്കാത്ത ഇരുചക്രയാത്രക്കാരില്‍നിന്ന് പുതിയ ഗതാഗതനിയമപ്രകാരമുള്ള കൂടിയ പിഴ ഈടാക്കുന്നത് ഗുജറാത്ത് സര്‍ക്കാര്‍ ഒക്ടോബര്‍ 15 വരെ നീട്ടി. കേന്ദ്രനിയമപ്രകാരമുള്ള ആയിരം രൂപ അഞ്ഞൂറാക്കി കുറച്ച ശേഷം തിങ്കളാഴ്ച മുതല്‍ ഈടാക്കിത്തുടങ്ങിയിരുന്നതാണ്.

ഹെല്‍മെറ്റ് വാങ്ങുന്നതിനുള്ള തിരക്ക് കാരണമാണ് നിയമം നടപ്പാക്കുന്നത് നീട്ടിവെച്ചതെന്ന് മന്ത്രിസഭാ തീരുമാനം വിശദീകരിച്ച മന്ത്രി ആര്‍.സി. ഫല്‍ദു പറഞ്ഞു. 

പുതുതായി ബൈക്ക് വാങ്ങുന്നവര്‍ക്കെല്ലാം ഡീലര്‍മാര്‍ ഐ.എസ്.ഐ. മുദ്രയുള്ള ഹെല്‍മെറ്റ് സൗജന്യമായി നല്‍കണമെന്നും ഉത്തരവിറക്കി. മലിനീകരണ നിയന്ത്രണ രേഖയ്ക്കും പുതുക്കിയ പിഴ അടുത്തമാസം മുതലേ ഈടാക്കൂ. രേഖകള്‍ നല്‍കുന്നതിന് സംസ്ഥാനത്ത് 900 കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും.

കേന്ദ്ര മോട്ടോര്‍നിയമത്തിലെ പുതുക്കിയ പിഴകള്‍ പലതും വെട്ടിക്കുറച്ച ശേഷമാണ് ഗുജറാത്ത് സെപ്റ്റംബര്‍ 15 മുതല്‍ നടപ്പാക്കിത്തുടങ്ങിയത്. എന്നാല്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നു. പ്രതിപക്ഷവും രംഗത്തുവന്നു. ഇതും പരിഗണിച്ചാണ് ഹെല്‍മെറ്റ്, മലിനീകരണം എന്നിവ സംബന്ധിച്ച നിയമങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചത്.

Content Highlights: Unavailability Of Helmet; Gujarat Government Impose New Penalty After October 15