ഡ്രൈവറില്ലാതെ ഓടുന്ന കാറുകള്‍ക്കായുള്ള പരീക്ഷണം ലോകത്താകമാനം പുരോഗമിക്കുകയാണ്. എന്നാല്‍, ഇത്തരം വാഹനങ്ങളുടെ സുരക്ഷ ചോദ്യം ചെയ്യുന്ന അപകടമാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നോര്‍ത്ത് ഹൂസ്റ്റണില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. അപകടത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചിരുന്നു. അതിവേഗത്തിലെത്തിയ കാര്‍ റോഡിന് സമീപത്തുള്ള മരത്തിലിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്.

ടെസ്‌ല 2019-ല്‍ പുറത്തിറക്കിയ മോഡല്‍ എസ് എന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. അപകട സമയത്ത് വാഹനത്തിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ ആളുണ്ടായിരുന്നില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. രണ്ട് യാത്രക്കാരില്‍ ഒരാള്‍ മുന്നിലെ പാസഞ്ചര്‍ സീറ്റിലും ഒരാള്‍ പിന്നിലുമായിരുന്നെന്നും പോലീസ് പറയുന്നു. വാഹനത്തിന്റെ നാവിഗേഷന്‍ സംവിധാനത്തിലുണ്ടായ പിഴവിനെ തുടര്‍ന്നാണ് അപകടമുണ്ടായത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ടെസ്‌ലയുടെ സെമി-ഓട്ടോമേറ്റഡ് സംവിധാനത്തെ കുറിച്ചുള്ള പഠനങ്ങള്‍ പുരോഗമിക്കുവെയാണ് വീണ്ടുമൊരു അപകടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, ടെസ്‌ല പൂര്‍ണമായും ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന കാറുകളുടെ പണിപ്പുരയിലുമാണ്. മനുഷ്യരെക്കാള്‍ മികച്ച രീതിയില്‍ വാഹനം നിയന്ത്രിക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ഒരുക്കുമെന്നാണ് ടെസ്‌ലയുടെ മേധാവി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇപ്പോള്‍ ഉണ്ടായിട്ടുള്ള അപകടത്തെ കുറിച്ച് ടെസ്‌ലയുടെ പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് സൂചന. ടെസ്‌ലയുടെ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടതുമായി ബന്ധപ്പെട്ട 27 കേസുകളാണ് അന്വേഷണത്തില്‍ ഇരിക്കുന്നതെന്ന് കഴിഞ്ഞ മാസം യു.എസ്. ഓട്ടോ സേഫ്റ്റി എജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ മൂന്നെണ്ണം അടുത്തിടെ നടന്നതാണെന്നാണ് സൂചന. ഇതോടെ ഡ്രൈവറില്ലാ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുകയാണ്.

Source: Car and Bike

Content Highlights: Two People Died In Tesla Driverless Car Accident In US