റ്റ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഓടിയിരുന്ന രണ്ട് കാറുകള്‍ മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച അടിമാലി മോട്ടോര്‍വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ പട്രോളിങ്ങിനിടെ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ നമ്പര്‍ ശ്രദ്ധിച്ചിരുന്നു.

തുടര്‍ന്ന് നേര്യമംഗലം കാഞ്ഞിരവേലിയില്‍ എത്തിയപ്പോള്‍ ഇതേ നമ്പറിലുള്ള ഇതേ മോഡല്‍ കാര്‍ കാഞ്ഞിരവേലി സ്വദേശിയുടെ വീട്ടില്‍ പാര്‍ക്കുചെയ്തിരിക്കുന്നത് കണ്ടെത്തി. ഇതോടെ രണ്ട് വാഹനവും ഉടമയെയും മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. 

ചോദ്യംചെയ്യലില്‍ ഒരുകാര്‍ തന്റേതാണെന്നും മറ്റേ വാഹനം നെല്ലിക്കുഴി സ്വദേശിനിയില്‍നിന്ന് വാങ്ങിയതാണെന്നും കാഞ്ഞിരവേലി സ്വദേശി മൊഴിനല്‍കി. എന്നാല്‍, വ്യാജരജിസ്‌ട്രേഷന്‍ നമ്പരിലുള്ള വാഹനം വാങ്ങിയതിന് തെളിവുണ്ടായിരുന്നില്ല. 

കാഞ്ഞിരവേലി സ്വദേശിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് രേഖകളുണ്ട്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനം നെല്ലിക്കുഴി സ്വദേശിനിയുടേതാണെന്നും ഈ വാഹനത്തിന് മൂന്നുലക്ഷം രൂപയുടെ വായ്പ കുടിശികയുള്ളതായും കണ്ടെത്തി.

കൂടുതല്‍ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ഥ നമ്പര്‍ മനസ്സിലാക്കിയെങ്കിലും രേഖകള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് മോട്ടോര്‍വാഹന നിയമപ്രകാരം കേസ് രജിസ്റ്റര്‍ചെയ്തു. സംഭവത്തില്‍ അടിമാലി പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

വ്യാജ നമ്പരിലുള്ള വാഹനം കാഞ്ഞിരവേലി സ്വദേശി വാടകയ്ക്ക് നല്‍കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മുജീബ്, എ.എം.വി.ഐ.മാരായ സതീഷ് ഗോപി, മനീഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Content Highlights: Two Car Using Same Number, Motor Vehicle Department Seized The vehicles