പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം റോഡിലെ നിയമലംഘനത്തിന് രാജ്യത്തെ ഏറ്റവും വലിയ പിഴ ചുമത്തി ഒഡീഷ പോലീസ്. അമിതഭാരം കയറ്റി, ലൈസന്‍സില്ലാതെ വാഹനമോടിച്ചു തുടങ്ങിയ നിരവധി നിയമലംഘനങ്ങള്‍ നടത്തിയ സമ്പല്‍പൂര്‍ ജില്ലയിലെ ട്രക്ക്‌ ഡ്രൈവറായ അശോക് ജാദവിന്‌ 86,500 രൂപയാണ് ഒഡീഷ പോലീസ് പിഴ ചുമത്തിയത്. 

ഒഡീഷയില്‍ നിന്ന് ചത്തീസ്ഗഡിലേക്ക് ജെസിബിയും കയറ്റിപോയ ട്രക്കാണ് പോലീസ് പിടികൂടിയത്‌. നാഗാലാന്‍ഡ് രജിസ്‌ട്രേഷനിലുള്ളതാണ് ഈ ട്രക്ക്‌. അതേസമയം ഡ്രൈവര്‍ അശോക് ജാദവിന്റെ ഏറെ നേരത്തെ അപേക്ഷ പ്രകാരം പിഴ 86,500-ല്‍ നിന്നും 70,000 ആയി കുറച്ചു നല്‍കിയിട്ടുണ്ട്. 

സെപ്റ്റംബര്‍ ഒന്ന് മുതലാണ് പരിഷ്‌കരിച്ച മോട്ടോര്‍ വാഹന നിയമം രാജ്യത്ത് നടപ്പാക്കിയത്. അതേസമയം ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പുതിയ നിയമം നടപ്പാക്കുന്ന കാര്യം നീട്ടി വയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. ജനരോഷം കണക്കിലെടുത്ത്‌ കേരള സര്‍ക്കാരും ഉയര്‍ന്ന പിഴ കുറയ്ക്കാനുള്ള സാധ്യത തേടുകയാണ്.

Content Highlights; lorry driver in odisha fined rs 86,500