യാത്രക്കാരിക്കുനേരെ പീഡനശ്രമമുണ്ടായ തിരുവനന്തപുരം-മണിപ്പാല്‍ പാത കല്ലട ഉള്‍പ്പെടെയുള്ള സ്വകാര്യബസുകള്‍ക്ക് കുത്തകയായത് കെ.എസ്.ആര്‍.ടി.സി.യുടെ പിന്മാറ്റത്തെത്തുടര്‍ന്ന്. ഈ പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് പിന്‍വലിച്ചതോടെയാണ് യാത്രക്കാര്‍ കല്ലട ഉള്‍പ്പെടെയുള്ള സ്വകാര്യബസുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായത്.

യാത്രക്കാരില്ലെന്ന പേരിലാണ് കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം-മണിപ്പാല്‍ ബസ് പിന്‍വലിച്ചത്. എന്നാല്‍, കല്ലട ഉള്‍പ്പെടെ മൂന്ന് സ്വകാര്യബസുകള്‍ക്ക് ദിവസവും ഈപാതയില്‍ നിറയെ യാത്രക്കാരുണ്ട്. സ്വകാര്യബസുകളും കെ.എസ്.ആര്‍.ടി.സി.യും പുറപ്പെടുന്നത് 200 മീറ്റര്‍ അകലം മാത്രമുള്ള സ്റ്റാന്‍ഡുകളില്‍ നിന്നാണ്. 

എന്നിട്ടും കെ.എസ്.ആര്‍.ടി.സി.യുടെ മണിപ്പാല്‍ സര്‍വീസ് നഷ്ടമായി. കഴിഞ്ഞ മാസമാണ് കെ.എസ്.ആര്‍.ടി.സി. ബസ് പിന്‍വലിച്ചത്. സ്വകാര്യബസ് ലോബിയും കെ.എസ്.ആര്‍.ടി.സി.യിലെ ചില ഉന്നതരും ചേര്‍ന്നുള്ള ഒത്തുകളിയാണ് പിന്മാറ്റത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്.

യാത്രക്കാർ ഏറെയുള്ള പാതയില്‍ 2017-ലാണ് കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസ് തുടങ്ങിയത്. എന്നാല്‍, പലപ്പോഴും ബസ് കൃതമായി ഓടിച്ചില്ല. സമയക്രമത്തിലെ മാറ്റം യാത്രക്കാര്‍ക്ക് പ്രയോജനപ്പെട്ടതുമില്ല. ഇതിനിടെ സ്‌കാനിയ പിന്‍വലിച്ച് ഡീലക്‌സാക്കി. 

അതും സ്ഥിരമായി മുടക്കി. സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് ഏറ്റവുംകൂടുതല്‍ തവണ യാത്ര റദ്ദാക്കിയത് മണിപ്പാല്‍ ബസായിരുന്നു. ഇതാണ് യാത്രക്കാര്‍ പൂര്‍ണമായും കെ.എസ്.ആര്‍.ടി.സി.യെ കൈയൊഴിയാന്‍ കാരണമായത്.

സ്വകാര്യബസുകാര്‍ക്ക് യാത്രക്കാരുള്ളപ്പോള്‍ തിരുവനന്തപുരം-മണിപ്പാല്‍ പാതയില്‍ ബസ് നിര്‍ത്തലാക്കിയത് അന്വേഷിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി.യോട് ആവശ്യപ്പെട്ടു.

Content Highlights: Trivandrum-Manipal Private Bus Service