തിരുവനന്തപുരം: ആദ്യ ദീര്‍ഘദൂര യാത്രയില്‍ കെ.എസ്.ആര്‍.ടി.സി.യുടെ വൈദ്യുതബസുകള്‍ ബാറ്ററി ചാര്‍ജ്ജ് തീര്‍ന്ന് വഴിയിലായത് ആസൂത്രണത്തിലെ പാളിച്ചകാരണം. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ഷെഡ്യൂള്‍ തയാറാക്കിയ ഉദ്യോഗസ്ഥര്‍ ഇതിനിടയ്ക്ക് ബസ് ചാര്‍ജ്ജ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ല. ഗതാഗതക്കുരുക്കില്‍പ്പെട്ട് ബസ് വൈകിയതാണ് ബാറ്ററി കാലിയാക്കിയത്.

ഗതാഗതക്കുരുക്കില്‍ ബസ് നിര്‍ത്തിയിടുമ്പോഴും എ.സി. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ബാറ്ററിയില്‍നിന്നാണ് എ.സി. പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി എടുക്കുന്നത്. ഒറ്റ ചാര്‍ജ്ജിങ്ങില്‍ 250 കിലോമീറ്റര്‍ ഓടാന്‍ കഴിയുമെങ്കിലും സമയം കൂടുതലെടുത്താല്‍ അത്രയുംദൂരം പിന്നിടാന്‍ കഴിയില്ല. സംസ്ഥാനത്തെ സാഹചര്യത്തില്‍ ദേശീയപാതയില്‍ എപ്പോള്‍വേണമെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടാകാം. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടാം. ഇത് മുന്‍കൂട്ടി കാണാതെയാണ് സാങ്കേതികവിഭാഗം ഉദ്യോഗസ്ഥര്‍ ബസ് ഓടിക്കാന്‍ അനുമതി നല്‍കിയത്.

റൂട്ട് നിശ്ചയിച്ച ഓപ്പറേറ്റിങ് വിഭാഗവും ബസിന്റെ ക്ഷമത വിലയിരുത്തുന്ന സാങ്കേതികവിഭാഗവും തമ്മില്‍ ഏകോപനമില്ലാത്തതാണ് വിനയായത്. ചാര്‍ജ്ജിങ് സൗകര്യം ഒരുക്കുന്നതിനു പുറമെ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സമയവും അനുവദിക്കേണ്ടതുണ്ട്. ശബരിമലയില്‍ ബസ് ഉപയോഗിച്ചപ്പോള്‍ ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സാങ്കേതികവിഭാഗം തയാറാക്കിയിരുന്നു. 50 ശതമാനത്തില്‍ നിന്നും ബാറ്ററി ചാര്‍ജ്ജ് താഴുമ്പോള്‍ നിശ്ചിത സമയത്തിനുള്ളില്‍ ചാര്‍ജ്ജ് ചെയ്യണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് ബസ് ഓടിച്ചത്.

ഓപ്പറേറ്റിങ് വിഭാഗത്തിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ മാത്രമാണ് വൈദ്യുതബസിന്റെ ഷെഡ്യൂള്‍ തയാറാക്കാന്‍ ഇടപെട്ടത്. അഞ്ചു ബസുകളില്‍ മൂന്നെണ്ണം എറണാകുളത്ത് എത്തുകയും ചെയ്തു. ശബരിമലയില്‍ കാര്യക്ഷമമായി ഓടിയ വൈദ്യുത ബസുകള്‍ ഫലപ്രദമല്ലെന്ന് വരുത്താന്‍ ഒരുവിഭാഗം തൊഴിലാളി സംഘടനകളും ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി ആരോപണമുണ്ട്. വൈദ്യുത ബസുകള്‍ക്ക് എറണാകുളം - തിരുവനന്തപുരം പാതയില്‍ അഞ്ച് സ്റ്റോപ്പുകളാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് സ്റ്റോപ്പുകള്‍ കൂട്ടി. ഇതും മൈലേജ് കുറയാന്‍ ഇടയാക്കി. അതേസമയം ബസ് വഴിയിലായ സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ മാനേജ്മെന്റ് തയാറായില്ല. 

Content Highlights; KSRTC electric bus, trivandrum-ernakulam electric bus service