തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരം-എറണാകുളം ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി. ഈ റൂട്ടില്‍ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിച്ച അഞ്ച് ഇലക്ട്രിക് ബസില്‍ രണ്ടെണ്ണമാണ് പാതിവഴിയില്‍ പണിമുടക്കിയത്. തലസ്ഥാനത്തുനിന്ന് എറണാകുളത്തേക്ക് വരുന്നവഴി ചേര്‍ത്തല എക്‌സറേ ജംങ്ഷന് സമീപമാണ് ആദ്യ ബസ് ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായത്. ഇതിന് പിന്നാലെ യാത്ര തിരിച്ച മറ്റൊരു ഇലക്ട്രിക് ബസ് വൈറ്റില ജംങ്ഷനില്‍ ചാര്‍ജ് തീര്‍ന്ന് പണിമുടക്കി. 

ചേര്‍ത്തല, വൈറ്റില ഡിപ്പോകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനില്ലാത്തതിനാല്‍ ബസ് ചാര്‍ജ് ചെയ്യാന്‍ സാധ്യമല്ല. ഇലക്ട്രിക് ബസ് കമ്പനി അധികൃതര്‍ ജനറേറ്റര്‍ വണ്ടിയെത്തിച്ച് ചാര്‍ജ് ചെയ്താല്‍ മാത്രമേ ബസുകള്‍ ഡിപ്പോയിലെത്തിക്കാന്‍ സാധിക്കു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിക്കും മുമ്പ് അധികൃതര്‍ വേണ്ടത്ര പഠനങ്ങള്‍ നടത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ELECTRIC BUS
ചാര്‍ജ് തീര്‍ന്ന് വൈറ്റിലയില്‍ നിന്നുപോയ കെഎസ്ആര്‍ടിസി ബസ്‌

യാത്രക്കാരെല്ലാം പാതിവഴിയില്‍ കുടുങ്ങിയതോടെ പിന്നാലെയെത്തിയ ബസിലാണ് എല്ലാവരെയും കയറ്റിവിട്ടത്. ഒറ്റചാര്‍ജില്‍ ഏകദേശം 250 കിലോമീറ്ററോളം ദൂരം പിന്നിടുമെന്ന് വാഗ്ദാനം ചെയ്ത ഇലക്ട്രിക് ബസുകളാണ് ഇപ്പോള്‍ പാതിവഴിയില്‍ പണിമുടക്കിയിരിക്കുന്നത്‌. തിരുവനന്തപുരം - എറണാകുളം റൂട്ടില്‍ വേണ്ടത്ര ചാര്‍ജിങ് സ്റ്റേഷന്‍ ഇല്ലാതിരുന്നതും തിരിച്ചടിയായി. 

Content Highlights; Trivandrum-Ernakulam First KSRTC Electric Bus Service