കേന്ദ്രം അനുവദിച്ച ബസുകള്‍ എടുക്കാതിരുന്നതല്ല, വെല്ലുവിളി ഫെയിം-2 നിര്‍ദേശങ്ങള്‍: ഗതാഗതമന്ത്രി


കിലോമീറ്ററിന് 60 രൂപ നിരക്കില്‍ നല്‍കിയാല്‍ മാത്രമേ 55 ലക്ഷം രൂപ സബ്‌സിഡിയായി നല്‍കാന്‍ കഴിയൂവെന്നാണ് ഫെയിം-2 പദ്ധതിയുടെ നിര്‍ദേശത്തില്‍ പറയുന്നതെന്നാണ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. 

പ്രതീകാത്മക ചിത്രം | Mathrubhumi archives

ഫെയിം ഇന്ത്യ ഫെയ്‌സ്-2 പദ്ധതി പ്രകാരം കെ.എസ്.ആര്‍.ടി.സിക്ക് കേന്ദ്ര സര്‍ക്കാര്‍ 250 ഇലക്ട്രിക് ബസുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഈ ബസുകള്‍ കെ.എസ്.ആര്‍.ആര്‍.ടി. ഏറ്റെടുക്കാതിരുന്നതിലുള്ള വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജു. ഉയര്‍ന്ന നിരക്ക് മൂലമാണ് ഈ ബസുകള്‍ ഏറ്റെടുക്കാത്തതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

ഫെയിം-2 സ്‌കീം സംസ്ഥാനങ്ങള്‍ക്ക് ബസുകള്‍ അനുവദിച്ച് നല്‍കുന്ന പദ്ധതിയല്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ജി.സി.സി. കോണ്‍ട്രാക്ട് അഥവാ വെറ്റ് ലീസ് വ്യവസ്ഥയില്‍ ഇലക്ട്രിക് ബസുകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് (ഡി.എച്ച്.ഐ) സഹായം നല്‍കുന്ന പദ്ധതിയാണ് ഫെയിം-2. ബസുകള്‍ ഗ്രോസ് കോസ്റ്റ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നടപ്പാക്കുകയാണെങ്കില്‍ 12 വര്‍ഷത്തേക്ക് 9.1 ലക്ഷം കിലോമീറ്റര്‍ ഓടിയാല്‍ 55 ലക്ഷം രൂപ വരെ ഒരു ബസിന് സബ്‌സിഡി ലഭിക്കും എന്നതാണ് പദ്ധതിയുടെ വ്യവസ്ഥ.

ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്ക് 100 ബസുകള്‍ വീതവും, കോഴിക്കോട് 50 ഇലക്ട്രിക് ബസുകളും ഉള്‍പ്പെടെ 250 ബസുകളാണ് വെറ്റ് ലീസ് വ്യവസ്ഥയില്‍ ടെണ്ടര്‍ വിളിച്ച് എടുക്കുവാന്‍ 2019-ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദര്‍ഘാസ് ക്ഷണിച്ചെങ്കിലും വെറ്റ് ലീസ് വ്യവസ്തയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ കിലോമീറ്ററിന് വാഗ്ദാനം ചെയ്ത ഏറ്റവും കുറഞ്ഞ നിരക്ക് 75.90 രൂപയായിരുന്നു.

എന്നാല്‍, സിറ്റി സര്‍വീസിനായി ഇലക്ട്രിക് ബസുകള്‍ ഉപയോഗിക്കുമ്പോള്‍ കിലോമീറ്ററിന് 38 രൂപ മാത്രമാണ് വരുമായി ലഭിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചത്. ഇത് അനുസരിച്ച് ദര്‍ഘാസില്‍ നല്‍കിയിട്ടുള്ള നിരക്കില്‍ സര്‍വീസ് നടത്തുകയാണെങ്കില്‍ ഒരു കിലോമീറ്ററിന് 37.90 രൂപ നഷ്ടത്തില്‍ ബസ് ഓടിക്കേണ്ടി വരും. ഇത്തരത്തില്‍ ഭീമമായ നഷ്ടം ഉണ്ടാകുന്നത് കണക്കിലെടുത്ത് 2019-ല്‍ ഇറക്കിയ ദര്‍ഘാസ് 2020-ല്‍ സര്‍ക്കാര്‍ തന്നെ റദ്ദാക്കുകയായിരുന്നെന്നും മന്ത്രി അറിയിച്ചു.

ഇതിനുശേഷം കെ.എസ്.ആര്‍.ടി.സി. എം.ഡി. കേന്ദ്ര സര്‍ക്കാരിന്റെ ഡി.എച്ച്.ഐ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ഇതേതുടര്‍ന്ന് ഒരു പുതിയ പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. കിഫ്ബിയിലൂടെ ബസിന്റെ വിലയായ 95 ലക്ഷം രൂപ സംസ്ഥാനം വഹിക്കുകയും സബ്‌സിഡി തുകയായ 55 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ വഹിക്കുകയും ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഓപ്പറേഷന് ആവശ്യമായ തുക ബസുകള്‍ നല്‍കുന്ന കമ്പനിക്ക് കിലോമീറ്ററിന് 30 രൂപയാക്കണമെന്നുമായിരുന്നു പദ്ധതിയിലെ നിര്‍ദേശം.

ഇത് അനുസരിച്ച് വീണ്ടും ദര്‍ഘാസം ക്ഷണിക്കുകയും ബസ് കമ്പനികള്‍ ഇതില്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബിയിലൂടെ ധനസഹായം ലഭ്യമായ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ 95 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തത്. എന്നാല്‍, കിലോമീറ്ററിന് 60 രൂപ നിരക്കില്‍ നല്‍കിയാല്‍ മാത്രമേ 55 ലക്ഷം രൂപ സബ്‌സിഡിയായി നല്‍കാന്‍ കഴിയൂവെന്നാണ് ഫെയിം-2 പദ്ധതിയുടെ നിര്‍ദേശത്തില്‍ പറയുന്നതെന്നാണ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.

കിലോമീറ്ററിന് 30 രൂപ നിരക്കിലാണെങ്കില്‍ 27.5 ലക്ഷം രൂപയേ സബ്‌സിഡിയായി നല്‍കാന്‍ സാധിക്കൂവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യം ഡി.എച്ച്.ഐ. ഉദ്യോഗസ്ഥരുമായി ഗതാഗത സെക്രട്ടറി നേരിട്ട് സംസാരിച്ച് ഉറപ്പുവരുത്തുകയും, ഇതേതുടര്‍ന്ന് ഈ ടെന്‍ഡറും റദ്ദാക്കുകയായിരുന്നു. ഇതിനുശേഷമാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു ബസിന് 95 ലക്ഷം രൂപ വിലയില്‍ 50 ഇ-ബസുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചതും ആദ്യ ഘട്ടമായി 25 ഇലക്ട്രിക് ബസുകള്‍ എത്തുകയും ചെയ്തിട്ടുള്ളത്.

ഇക്കാര്യങ്ങള്‍ അറിയിക്കുന്നതിനായി കേന്ദ്രമന്ത്രിയെ താന്‍ നേരിട്ട് കാണുകയും ഫെയിം-2 പദ്ധതി മാര്‍ഗനിര്‍ദേശങ്ങളിലെ പ്രതികൂല സാഹചര്യം ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു. പദ്ധതി അംഗീകരിച്ച് പോയതിനാലും മറ്റ് സംസ്ഥാനങ്ങള്‍ ഇതില്‍ താത്പര്യം അറിയിച്ചതിനാലും അടുത്ത സ്‌കീമില്‍ മാറ്റം വരുത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിക്ക് ബസ് അനുവദിച്ചിട്ട് എടുക്കാതിരുന്നതല്ലെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

Content Highlights: Transport minister Antony Raju On FAME-2 Project Electric Bus to KSRTC, Nitin Gadkari


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented