മന്ത്രി ആന്റണി രാജു| Photo: Mathrubhumi
തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സര്‍ക്കാരിന് നഷ്ടമാകുന്നത് പ്രതിദിനം ഒരു കോടിയോളം രൂപയാണെന്ന് ഗതാഗതി മന്ത്രി ആന്റണി രാജു. ധനവകുപ്പ് ഫയല്‍ തീര്‍പ്പാക്കിയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് പുറത്തുവിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അല്പംകൂടെ നേരത്തെ ഇത് ശരിയാകേണ്ടതായിരുന്നു. പ്രതിദിനം ഏതാണ്ട് ഒരു കോടിയോളം രൂപ വരുമാനമാണ് നഷ്ടമായത്. ആറ് മാസം മുന്‍പ് തന്നെ ഇത് പ്രവര്‍ത്തനക്ഷമമായിരുന്നെങ്കില്‍ നമുക്ക് ഏതാണ്ട് 280 കോടിയോളം രൂപയുടെ വരുമാനം ലഭിക്കുമായിരുന്നു. അതിന്റേതായ ന്യായീകരണം ധനകാര്യ വകുപ്പിന് ഉണ്ടായിരിക്കാം.
കഴിഞ്ഞ ദിവസം തന്നെ ധനകാര്യ വകുപ്പില്‍ നിന്ന് ആ ഫയല്‍ ക്ലിയര്‍ ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനെയാണെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഈ വിഷയം പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനമൊട്ടാകെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകള്‍ സ്ഥാപിച്ചിട്ട് എട്ടുമാസമായെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിരുന്നില്ല. ആകെ സ്ഥാപിച്ച 726 ക്യാമറകള്‍ക്കായി സര്‍ക്കാര്‍ ഇതുവരെ മുടക്കിയത് 236 കോടി രൂപയാണ്. എന്നാല്‍ ഇവയുടെ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിരുന്നില്ല. എ.ഐ. ക്യാമറകളുടെ കണ്സള്ട്ടേഷന് ഫീസുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഉദ്ഘാടനത്തിന് തടസ്സം നില്‍ക്കുന്നത്.
സര്‍ക്കാര്‍ കമ്പനിയായ കെല്‍ട്രോണാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിന്റെ കണ്സള്ട്ടേഷന് ഫീസായി അഞ്ച് കോടി രൂപയാണ് കെല്‍ട്രോണ്‍ ചോദിച്ചത്. എന്നാല്‍ ധനകാര്യവകുപ്പ് ഇതിനെ ശക്തമായി എതിര്‍ത്തതോടെയാണ് തര്‍ക്കമായത്. ചെറിയ ഫീസിന്റെ പേരിലുള്ള തര്‍ക്കം മൂലം കഴിഞ്ഞ എട്ട് മാസങ്ങളായി സര്‍ക്കാര്‍ ഈ തുക നഷ്ടപ്പെടുത്തിയതില്‍ മോട്ടോര്‍വാഹനവകുപ്പിന് കടുത്ത അതൃപ്തിയുണ്ട്.
എട്ടുമാസം മുന്‍പ് ക്യാമറകള്‍ ഘടിപ്പിച്ച സമയത്തുതന്നെ പല പരീക്ഷണങ്ങളും നടത്തി ഇവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇനി ഉദ്ഘാടനസമയമാകുമ്പോഴേക്കും മഴയും വെയിലുമൊക്കെ കൊണ്ട് ഇവ തകരാറിലാവാനുള്ള സാധ്യതയുമുണ്ട്. അതിനായി വീണ്ടും പരീക്ഷണങ്ങള്‍ നടത്തണമെങ്കില്‍ നല്ല തുക ചെലവാകും. കൂടാതെ, കേടുപാടുകള്‍ നന്നാക്കാന്‍ അധികതുകയും ആവശ്യംവരും. സംസ്ഥാനം വലിയ കടബാധ്യതയിലേക്ക് നീങ്ങുന്ന സമയത്ത് സര്‍ക്കാരിന് എളുപ്പത്തില്‍ ഈടാക്കാമായിരുന്ന ഈ തുക നഷ്ടപ്പെടുത്തിയെന്ന് മാത്രമല്ല, ക്യാമറകളുടെ പ്രവര്‍ത്തനത്തിന് ഇനിയും പൈസ ചെലവഴിക്കേണ്ട സ്ഥിതിയുമാണ്.
Content Highlights: transport minister antony raju on ai camera controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..